റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് അത്യാധുനിക യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഹറമൈൻ അതിവേഗ റെയിൽവേയുടെ ശേഷി വർദ്ധിപ്പിച്ചതായി സൗദി അറേബ്യൻ റെയിൽവേ (സാർ) അറിയിച്ചു. മക്കക്കും മദീനക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിനായി 22.1 ലക്ഷത്തിലധികം സീറ്റുകളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തിലധികം സീറ്റുകളുടെ വർധനവാണ് ഇത്തവണ വരുത്തിയിട്ടുള്ളത്.


സീസണിലുടനീളം ആകെ 5,308 സർവിസുകൾ നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സർവിസുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ പ്രതിദിനം 142 സർവിസുകൾ വരെ ലഭ്യമാക്കും. ഇതുവഴി സ്​റ്റേഷനുകളിലെ കാത്തിരിപ്പ് ഒഴിവാക്കി തീർത്ഥാടകർക്ക് വേഗത്തിലുള്ള യാത്ര ഉറപ്പാക്കാൻ സാധിക്കും. മെയ് 14-ന് ജിദ്ദ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ സ്പെഷ്യൽ സർവിസോടെ ഈ വർഷത്തെ ഹജ്ജ് ഗതാഗത പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.

സൗകര്യങ്ങളും വേഗതയും

നിലവിൽ 35 ട്രെയിനുകൾ ഉൾപ്പെടുന്ന ആധുനിക ഫ്ലീറ്റാണ് ഹറമൈൻ റെയിൽവേക്കുള്ളത്. ഓരോ ട്രെയിനിലും 417 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളിൽ ഒന്നായ ഹറമൈൻ, മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഏകദേശം 453 കിലോമീറ്റർ ദൈർഘ്യമുള്ള മക്ക-മദീന ദൂരം വെറും രണ്ട് മണിക്കൂർ കൊണ്ട് പിന്നിടാൻ ഇതിലൂടെ സാധിക്കുന്നു. മക്ക, മദീന, ജിദ്ദ സെൻട്രൽ, കിങ്​ അബ്​ദുല്ല ഇക്കണോമിക് സിറ്റി, ജിദ്ദ വിമാനത്താവളം എന്നീ അഞ്ച് പ്രധാന സ്​റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവിസ് നടത്തുന്നത്.

പരിസ്ഥിതി സൗഹൃദം

കാർബൺ മലിനീകരണം തീരെയില്ലാത്ത ഈ വൈദ്യുത ട്രെയിൻ ശൃംഖല പരിസ്ഥിതി സൗഹൃദമായ ഒരു യാത്രാമാർഗമാണെന്ന് മാത്രമല്ല, റോഡുകളിലെ തിരക്ക് കുറക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും വലിയ പങ്ക് വഹിക്കുന്നു. സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾ മുൻനിർത്തി തീർത്ഥാടകർക്ക് ആധുനികവും സുരക്ഷിതവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ സൗദി റെയിൽവേ വലിയ പ്രതിബദ്ധതയാണ് പുലർത്തുന്നത്. വിമാനത്താവളത്തിൽ എത്തുന്ന നിമിഷം മുതൽ ആരാധന കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നത് വരെ തീർത്ഥാടകരുടെ യാത്ര ആത്മീയമായി സുഗമമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.



Post a Comment

Previous Post Next Post