മുഖ്യമന്ത്രി ചർച്ചകളിൽ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മുസ്ലീംലീഗ്. ഘടകകക്ഷികളുടെ നിലപാട് ചർച്ച ചെയ്ത ശേഷം ഹൈക്കമാൻഡ് തീരുമാനം അറിയിക്കുമെന്നും മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതൽ തുറന്നു പറയാൻ ഈ സാഹചര്യത്തിൽ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമസഭാ കക്ഷിയോഗം പൂർത്തിയായി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്ന് നേതാക്കളും ഒരുപോലെ മുൻതൂക്കം അവകാശപ്പെടുന്നുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും. എഐസിസി നിരീക്ഷകർക്ക് മുന്നിൽ എംഎൽഎമാർ നിലപാട് അറിയിച്ചു.
കെസി വേണുഗോപാൽ വിഭാഗത്തിന്റെ കണക്കനുസരിച്ച് അവർക്ക് 47 പേരുടെ പിന്തുണയുണ്ട്, രമേശ് ചെന്നിത്തലയ്ക്ക 9 എംഎൽഎമാരുടെയും വി.ഡി സതീശന് എട്ട് എംഎൽഎമാരുടെയും പിന്തുണ മാത്രമേ ഉള്ളൂ എന്നാണ് കെ സി പക്ഷത്തിന്റെ കണക്ക്. എന്നാൽ 35 എംഎൽഎമാർ പിന്തുണച്ചു എന്നാണ് വി ഡി സതീശൻ പക്ഷം അവകാശപ്പെടുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായ കണക്കാണ് രമേശ് പക്ഷത്തിന് പറയാനുള്ളത്. അവരുടെ കണക്കനുസരിച്ച് 25 എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനും 23 പേരുടെ പിന്തുണ ചെന്നിത്തലയ്ക്കും 8 പേരുടെ പിന്തുണ വിഡി സതീശനും ഉണ്ട്. 7 എംഎൽഎമാർ സ്വതന്ത്ര സമീപനം സ്വീകരിച്ചു എന്നും ചെന്നിത്തല വിഭാഗം പറയുന്നു. നിരീക്ഷകരെ കണ്ട എംപിമാരിൽ ഭൂരിപക്ഷം കെ സി വേണുഗോപാലിനെയാണ് അനുകൂലിച്ചത്.
നിരീക്ഷകരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും ഹൈക്കമാന്റെ തീരുമാനമെടുക്കുക. തീരുമാനത്തിനു മുൻപ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്നു നേതാക്കളെയും ഡൽഹിക്ക് വിളിപ്പിക്കും. കെപിസിസി അധ്യക്ഷനുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും അന്തിമ തീരുമാനം. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവരും എന്നതാണ് കെസി വേണുഗോപാലിന് മുന്നിലുള്ള പ്രതിബന്ധം.

Post a Comment