കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ നടൻ സലിം കുമാറിന് വിട. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് സലിം കുമാറിനെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. ഒമ്പത് മണി മുതൽ പറവൂരിലെ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി. സതീശൻ പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

മൃതദേഹം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എറണാകുളം നോർത്ത് പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ചെലവുകളും അനുബന്ധ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.


1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ മിമിക്രിയിലൂടെയാണ്​ കലാരംഗത്ത്​ എത്തിയത്​. കൊച്ചിൻ കലാഭവനിലാണ് മിമിക്രി ജീവിതം ആരംഭിച്ചത്​. പിന്നീട് ‘കൊച്ചിൻ സാഗറി’ൽ ചേർന്നു. നാടക സംഘങ്ങളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ‘കോമിക്കോള’ ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1996ൽ സിദ്ദീഖ്​ ഷമീർ സംവിധാനം ചെയ്ത ‘ഇഷ്ടമാണ്​ നൂറുവട്ടം’ ആണ്​ ആദ്യ ചിത്രം.

"വടക്കൻ പറവൂർ ഗവ. ലോവർ പ്രൈമറി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാല്യങ്കര എസ്.എൻ.എം കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ നിന്ന്​ ബിരുദം നേടി. മൂന്ന്​ തവണ എം.ജി സർവകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ ഒന്നാം സ്ഥാനക്കാരനായിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു സലിം കുമാർ. തനിക്ക് ലിവർ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതെന്നും അദ്ദേഹം പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസ് സഹയാത്രികനായിരുന്ന സലിം കുമാർ, മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മനാടായ പറവൂരിൽ സംഘടിപ്പിച്ച സ്വീകരണത്തിലും പങ്കെടുത്തിരുന്നു. 'പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടുകൂടി പറയാമെന്നായിരുന്നു' അന്ന് സലീം കുമാർ പറഞ്ഞത്.

2010ൽ പുറത്തിറങ്ങിയ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ 'അബു' എന്ന കഥാപാത്രം സലിം കുമാറിന്റെ അഭിനയജീവിതത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 2005ൽ 'അച്ചനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി സലിം കുമാറിനെ തേടിയെത്തി. പിന്നീട് 2013ൽ പുറത്തിറങ്ങിയ 'അയാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിൽ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന പുരസ്കാരം, 2016ൽ 'കറുത്ത ജൂതൻ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മികച്ച കഥക്കുള്ള സംസ്ഥാന പുരസ്കാരം എന്നിവ സലീം കുമാർ സ്വന്തമാക്കിയിട്ടുണ്ട്.

സലിം കുമാറിന്റെ വിയോഗത്തിൽ നിരവധിപേർ അനുശോചിച്ചു. 'അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്ക് എന്റെ കൂടപിറപ്പിനെ നഷ്ടമായി' എന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണെന്ന്' മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയുടെ വളർച്ചയിൽ തന്റേതായ സംഭാവനകൾ നൽകിയ സലിം കുമാർ ഇനിയില്ല.

Post a Comment

Previous Post Next Post