ടോക്കിയോ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയത്.

സോനം മാസ്കർ, എളവേനിൽ വാളറിവൻ, കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് നേട്ടം കൊയ്തത്. 1904.2 പോയിന്റോടെ ചൈന സ്വർണവും 0.9 പോയിന്റ് വ്യത്യാസത്തിൽ ജപ്പാനെ പിന്തള്ളി 1898 പോയിന്റോടെ ഇന്ത്യ വെള്ളിയും സ്വന്തമാക്കി.

വ്യക്തിഗത യോഗ്യതയിൽ സോനം മാസ്കർ 634.1 പോയിന്റോടെ നാലാം സ്ഥാനത്തും എളവേനിൽ വാളറിവൻ 633.5 പോയിന്റോടെ ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടം കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദർശ സ്വന്തമാക്കി.

ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിന്റെയും കോച്ചിന്റെയും ഭർത്താവിന്റെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്നും വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തമ്പലമണ്ണ സ്വദേശിനിയാണ് വിദർശ. തമ്പലമണ്ണ കൊച്ചാലുങ്കൽ കെ. ഡി. വിനോദിന്റെയും (കോൺട്രാക്ടർ) അനിതയുടെയും മകളാണ്. മുൻ ഷൂട്ടിങ് താരവും നിലവിൽ കേരളത്തിലെ ഷൂട്ടിങ് പരിശീലകനുമായ മനു എസ്. രവിയാണ് ജീവിതപങ്കാളി.

കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ് വിദർശയുടെ കായിക ജീവിതം.



Post a Comment

Previous Post Next Post