തിരുവമ്പാടി:
അമ്പലപ്പാറ വാർഡിൽ മഴക്കാലത്ത് പടരാൻ സാധ്യതയുള്ള ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഷിഗില്ല തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമ്പലപ്പാറ വാർഡ് പതിനാലാം വാർഡിൽ കരുതൽ യാത്ര സംഘടിപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെയും വാർഡ് തല ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി ആർ അജിത ഉദ്ഘാടനം ചെയ്തു.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും വീടുകളിലും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് അഫ്സൽ സലാം മിൻ്റെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളെക്കുറിച്ചും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ആഴ്ചയിൽ ഒരുദിവസം ‘ഡ്രൈ ഡേ’ ആചരിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചും ബോധവത്കരണം നടത്തി. വീടുകളിലും സ്ഥാപനങ്ങളിലുമായി വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ തുടങ്ങിയവ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു.
ലിസ ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ വിവിധ വീടുകളിൽ കയറി ബോധവൽക്കരണവും നിർദ്ദേശവും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയും വിശദീകരിച്ചു
കരുതൽ യാത്രയിൽ പങ്കെടുത്തവർ വാർഡിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രോഗപ്രതിരോധ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുകയും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
വരും ദിവസങ്ങളിലും വാർഡ് തല പ്രവർത്തനങ്ങൾ ഉണ്ടാവുമെന്നും അറിയിച്ചു
പരിപാടിയിൽ സിഡിഎസ് മെമ്പർ സലീന പയ്യൻ പറമ്പിൽ കുടുംബശ്രീ അംഗങ്ങൾ ആശാവർക്കർ എന്നിവർ പങ്കെടുത്തു.



إرسال تعليق