കോഴിക്കോട്: 
ജില്ലയിൽ മലമ്പനി (മലേറിയ) റിപ്പോർട്ട് ചെയ്തു. തിക്കോടിയിലെ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

 പനിയോടൊപ്പം ശക്തമായ വിറയൽ, തലവേദന, പേശി വേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വിറയലോടുകൂടി തുടങ്ങി ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകതയാണ്. 

ഇതിനു പുറമെ മനംപുരട്ടൽ, ഛർദ്ദി, ചുമ, കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങളാകാം.


ചിലരിൽ പനിയും തലവേദനയും മാത്രമായും രോഗം കണ്ടുവരാറുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. അനോഫിലിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടു വളരുന്നത് എന്നതിനാൽ വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദങ്ങളാണ് മലമ്പനിക്ക് കാരണമാകുന്നത്. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകൾ വഴിയാണ് രോഗം പ്രധാനമായും പകരുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ ഉൾപ്പെടെയുള്ള ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കാൻ സാധ്യതയുള്ള രോഗമാണിത്.
 

Post a Comment

أحدث أقدم