ന്യൂയോർക്ക്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി കുറിച്ച് ഇന്ത്യൻ വംശജനായ പാലക്കാട് ഒറ്റപ്പാലത്തുകാരൻ അനിൽ മേനോൻ.

എട്ട് മാസം നീളുന്ന ചരിത്ര ദൗത്യത്തിനായി ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോനും റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർ പുതിയ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് യാത്ര പുറപ്പെട്ടു. ദുബ്രോവാണ് മിഷൻ കമാൻഡർ. രാത്രി 11.56ഓടെ ബഹിരാകാശ നിലയവുമായി പേടകം ഡോക്ക് ചെയ്യും. പേടകം സുരക്ഷിതമായി ഡോക്ക് ചെയ്തതിന് ശേഷം 1.25ന് വാതിൽ തുറന്ന് സംഘം നിലയത്തിലേക്ക് പ്രവേശിക്കും.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ എന്ന പേടകത്തിലാണ് മൂവരും പുതിയ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ.

എമർജൻസി വിഭാഗം ഡോക്ടറായ അദ്ദേഹം യു.എസ് സ്‌പേസ് ഫോഴ്‌സ് കേണലാണ്. മുൻപ് യു.എസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അന്നാ മേനോൻ സ്‌പേസ് എക്‌സ് ജീവനക്കാരിയും ബഹിരാകാശ ഗവേഷണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ്.
 

Post a Comment

أحدث أقدم