കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവമായ 'വരവേൽപ്പ് 2K26' തിങ്കളാഴ്ച രാവിലെ 9.30ന് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പ്രവേശനദിന സന്ദേശം നൽകി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി തമ്പി, ബിന്ദു ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ്.ഐ.സി., മാനേജർ പ്രതിനിധി സി. സുധർമ്മ എസ്.ഐ.സി., റിട്ടയേർഡ് ഹയർ സെക്കൻഡറി അധ്യാപകനും കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സണുമായ സജി മാത്യു, വിദ്യാർഥി പ്രതിനിധി ജിൽന തെരേസ് വിനോദ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അറിവിന്റെ, പ്രകാശത്തിന്റെ പ്രതീകമായി തെളിച്ച മെഴുകുതിരികൾ വിശിഷ്ടാതിഥികളും അധ്യാപകരും നവാഗത വിദ്യാർഥികൾക്ക് കൈമാറി പ്രാർത്ഥനയോടെയാണ് പുതിയ അധ്യയന വർഷത്തിലേക്ക് ഔപചാരികമായി വരവേറ്റത്. പ്ലസ് വൺ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലെ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സീനിയർ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. സീനിയർ വിദ്യാർഥികളുടെ പ്രവേശനഗാനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ടീ ബ്രേക്കിന് ശേഷം സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിട്ടയേഡ് ഹയർ സെക്കൻഡറി അധ്യാപകനായ സജി മാത്യു രക്ഷിതാക്കൾക്കായി "കൂടെയുണ്ട് കരുത്തേകാൻ" എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിച്ചു. രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ച സജി മാത്യു സാറിനെ സ്കൂൾ പിടിഎയും മാനേജ്മെന്റും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.
കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സയൻസ്, കൊമേഴ്സ് മേഖലകളിലെ ഉന്നതപഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് സ്കൂൾ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ ലിമ കെ. ജോസ് പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായി പ്രത്യേക മാർഗനിർദേശ ക്ലാസ് നയിച്ചു.
ആൻ മരിയ ജസ്റ്റിൻ, അലീന ആൻഡ്രൂസ് എന്നിവർ പരിപാടികൾക്ക് അവതാരകരായി. അധ്യാപകരുടെയും അനധ്യാപകരുടെയും നേതൃത്വത്തിലും വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച പ്രവേശനോത്സവം പ്ലസ് വൺ വിദ്യാർഥികളുടെ ആദ്യ ദിനത്തെ ഏറെ മികവാർന്ന ഒരനുഭവമാക്കി മാറ്റി.

إرسال تعليق