കൽപ്പറ്റ:
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയുടെ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സോൺ മൂന്നിൽ പരിശോധന ശക്തമാക്കിയിരുന്നു. നാലാം ദിവസം രാവിലെ തുടങ്ങിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ ദുരന്ത ഭൂമിയിൽ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മണ്ണിടിച്ചിലിൽ നിർമാണത്തൊഴിലാളികളായ അഞ്ചുപേരെ കാണാതായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.
അപകടത്തിൽപ്പെട്ട ഒരു തൊഴിലാളിയെ കൂടി ഇനിയും കണ്ടെത്താനുണ്ട്. എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് സോൺ 1, 3 മേഖലകൾ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ നടത്തും. പുതിയ സംഘം എത്തിയാണ് തിരച്ചിൽ നടത്തുക. സുരക്ഷാ ഭിത്തിയിൽ വിള്ളലുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നിർമാണ കമ്പനി അവഗണിച്ചു എന്നാണ് കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുകയാണ്.
മീനാക്ഷിപ്പുഴയുടെ തീരത്തടിഞ്ഞ മണ്ണ് നീക്കിയാണ് പരിശോധന. പുഴയിലേക്ക് ഒഴുകിയെത്തിയ കണ്ടെയ്‌നറുകളുടെ അവശിഷ്‌ടങ്ങളിലും തിരഞ്ഞു. പാലത്തിൽ അടിഞ്ഞ മണ്ണ് ബുധൻ പുലർച്ചയോടെ നീക്കി. മേപ്പാടി–ചൂരൽമല പാതയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പദ്ധതിപ്രദേശത്തെ മൺകൂനകൾ നീക്കാത്തത് ഭീഷണിയായി തുടരുന്നു.
അപകടത്തിൽ മരിച്ച മൂന്ന് അതിഥിത്തൊഴിലാളികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാംചെയ്‌ത് തുരങ്കപാത നിർമാണ കമ്പനിക്ക് കൈമാറിയിരുന്നു. ബുധൻ രാത്രിയോടെ മൃതദേഹങ്ങൾ വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.

Post a Comment