ഓമശ്ശേരി: പഠനത്തിനൊപ്പം തന്നെ മത്സരപരീക്ഷകളിലും അസാധാരണ മികവ് തെളിയിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി മദ്രാസിൽ പി.എച്ച്.ഡി പ്രവേശനം നേടി അമ്പലക്കണ്ടി വെള്ളച്ചാലിൽ ഹന അബൂബക്കർ നാടിന്റെ അഭിമാനമായി. പ്രത്യേക പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാതെ, ഓരോ പഠനഘട്ടത്തിലും കഠിനാധ്വാനവും ലക്ഷ്യബോധവും കൈമുതലാക്കി മുന്നേറിയ ഹനയുടെ വിജയം വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാവുകയാണ്.

മുക്കം ഹിറ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് ഫുൾ എ പ്ലസോടെ എസ്.എസ്.എൽ.സി വിജയിച്ച ഹന, മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി പ്ലസ് ടു പൂർത്തിയാക്കി. തുടർന്ന് കീം പരീക്ഷയിൽ മികച്ച റാങ്ക് നേടി മെറിറ്റിൽ പ്രശസ്തമായ തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക്കിന് പ്രവേശനം നേടി.ബി.ടെക് പഠനത്തിനിടെയാണ് ഗേറ്റ് പരീക്ഷയിലും ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. തുടർന്ന് രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലൊന്നും ആഗോള അക്കാദമിക റാങ്കിങ്ങുകളിൽ സ്ഥിരമായി മുൻനിരയിൽ ഇടംപിടിക്കുന്നതുമായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്‌.സി) എം.ടെക്കിന് പ്രവേശനം നേടി. രണ്ട് വർഷത്തെ എം.ടെക് പഠനം മികച്ച വിജയത്തോടെ പൂർത്തിയാക്കിയ ഹന, തൊട്ടുപിന്നാലെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിൽ പി.എച്ച്.ഡി പ്രവേശനം നേടി അക്കാദമിക മികവിന്റെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണിപ്പോൾ.അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് പ്രസിഡന്റും ടൗൺ പള്ളി-മദ്‌റസ ജനറൽ സെക്രട്ടറിയുമായ വി.സി. അബൂബക്കർ ഹാജിയുടെയും സുഹറയുടെയും മകളാണ് ഹന.

ഹനയെ അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമി അനുമോദിച്ചു.മുൻമന്ത്രി ഡോ. എം.കെ. മുനീർ ഉപഹാരം സമർപ്പിച്ചു. വിൻ പോയിന്റ് അക്കാദമി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.അബു മൗലവി അമ്പലക്കണ്ടി, പി.വി. മൂസ മുസ്‌ലിയാർ, പി.വി. സ്വാദിഖ്, ശരീഫ് വെണ്ണക്കോട്, സൈനുദ്ദീൻ കൊളത്തക്കര, റസാഖ് മാസ്റ്റർ തടത്തിമ്മൽ, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി, കെ.എം. കോമളവല്ലി, മഠത്തിൽ മുഹമ്മദ് ഹാജി, വി.സി. അബൂബക്കർ ഹാജി, തടായിൽ അബു ഹാജി, കെ.ടി.എ. ഖാദർ ഹാജി, ഇ.കെ. മുഹമ്മദലി, വി.സി. ഇബ്രാഹീം, ശംസുദ്ദീൻ നെച്ചൂളി, പി.പി. നൗഫൽ, യു.കെ. ശാഹിദ്, എം.എം. ഇബ്രാഹീം മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ ഡോ. യു. അബ്ദുൽ ഹസീബ് സ്വാഗതവും സീതി ഷാബിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെയും ആത്മസമർപ്പണത്തോടെയും പഠിച്ചാൽ ദേശീയ തലത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും അവസരങ്ങൾ നേടാനാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഫോട്ടോ:ഐ.ഐ.ടി മദ്രാസിൽ പി.എച്ച്.ഡി പ്രവേശനം നേടിയ ഹന അബൂബക്കറിനെ മുൻമന്ത്രി ഡോ. എം.കെ. മുനീർ ഉപഹാരം നൽകി അനുമോദിക്കുന്നു.

Post a Comment

Previous Post Next Post