അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ. കൊച്ചിയിലെ സ്ഥാപനത്തിൽ ഇന്നും ജോലിക്ക് എത്തുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്. സ്ഥാപനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാപനത്തിന് മുൻപിൽ പ്രതിഷേധമായിരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അതിനിടെ നേരത്തെ ഇന്ന് കൊച്ചിയിൽ യോഗം ചേരുമെന്നാണ് പ്രഖ്യാപിച്ചത്. അത് അനുസരിച്ച് കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ കൊച്ചിയിൽ എത്തും. ഈ മാസം 10 ന് വിഷയത്തിൽ സർക്കാർ തല ചർച്ചയും നടക്കും.
കോറോ ഹെൽത്ത്, അമേരിക്കയിലെ ആശുപത്രികളിലെ രോഗികളുടെ രജിസ്ട്രേഷൻ, ക്ലിനിക്കൽ ഡോക്യുമെന്റ്, ഇൻഷുറൻസ്, ബിൽ മാനേജ്മെന്റ് തുടങ്ങി മൊട്ടുസൂചി മുതൽ മൊത്തവ്യാപാരം വരെ നീളുന്ന സമ്പൂർണ ആരോഗ്യ സേവനങ്ങൾ നൽകുന്ന കോഡിഗ് സ്ഥാപനമാണ്. 2021ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്ന കോറോ ഹെൽത്തിന് തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുണ്ട്. രാജ്യത്താകമാനം ലക്ഷക്കണക്കിന് ജീവനക്കാരും. കേരളത്തിലെ ഉദ്യോഗാർഥികളെയും, തൊഴിൽ വിദ്യാഭ്യാസ നൈപുണ്യവും കണക്കിലെടുത്ത് 2024ൽ കോഴിക്കോട് കേന്ദ്രീകരിച്ച് രണ്ടാമത്തെ ബ്രാഞ്ചും മലയാളക്കരയിൽ തുടങ്ങി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ മാനേജ്മെന്റ് സ്വീകരിച്ച സമീപനത്തോട് തൊഴിലാളികൾ പ്രതികരിച്ച രീതിയായിരുന്നില്ല കേരളത്തിൽ നിന്ന് കമ്പനിക്ക് ലഭിച്ചത്.
തൊഴിലിനെക്കുറിച്ച് ഉത്തമബോധ്യമുള്ളപ്പോൾതന്നെ തൊഴിൽ ചൂഷണത്തോടുള്ള പ്രതികരണവും കേരളത്തിൽ നിന്നുണ്ടായി. തൊഴിലനുസരിച്ചുള്ള ശമ്പളവർദ്ധനവോ, സമയക്രമീകരണമോ ചോദ്യങ്ങളായാൽ സ്ഥാപനം കോർപ്പറേറ്റ് രീതിയിൽ പെരുമാറും. പരിമിതമായ സ്ഥാനക്കയറ്റം, മോശം പെരുമാറ്റം, പ്രവർത്തനക്ഷമത ചൂണ്ടിക്കാണിച്ച് വാക്കേറ്റം, അങ്ങറ്റത്തേയ്ക്ക് നീണ്ട് പിരിച്ചുവിടൽ നടപടി. കഴിഞ്ഞ വർഷം പുവർ പെർഫോമെൻസ് എന്ന പേരിൽ ബെംഗളൂരുവിൽ നിന്ന് 200 പേർക്ക് ജോലി തെറിച്ചെങ്കിൽ കേരളത്തിൽ 300 പേരാണ് ഇരകൾ. ഇൻടേണി, അല്ലെങ്കിൽ ട്രെയിനി എന്ന പേരിൽ നിയമിക്കുന്നവർക്ക് കാര്യസാധ്യത്തിന് ശേഷം ജോലി സ്ഥിരത ഇല്ലാതെ തന്നെ പിരിച്ചുവിടും.
ചുവരുകൾക്കുള്ളിൽ അടയിരുന്ന അമർഷം അണപൊട്ടി ആൾക്കൂട്ടമായി ആർത്തലയ്ക്കാൻ തുടങ്ങിയതോടെ കോറോ ഹെൽത്ത്, പതിവ് പ്രതികാരത്തിനിറങ്ങി. ആദ്യം പത്ത് പേരെ പുറത്താക്കി. പിന്നെ 50 ഒടുവിൽ നേരവും കാലവും നോക്കാത്തെ ഷട്ടർ ഇടുന്നെന്ന പ്രഖ്യാപനം. ഒറ്റയടിക്ക് ആയിരത്തിനടുത്ത് ആളുകൾ പെരുവഴിയിലേയ്ക്ക്. ഉയരാൻ തുടിച്ച ശബ്ദങ്ങളെ കേരളത്തിലെ കാഴ്ചകാണിച്ച് ഭയപ്പെടുത്താനും കമ്പനിക്ക് മടിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
കടം പെരുകി കഴുത്തുമൂടി എന്ന് പറഞ്ഞ് കേരളത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നവർ തന്നെ യുപിയിലേയ്ക്കും ബെംഗളൂരുവിലേയ്ക്കും റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ലേബർ കോഡിന്റെ കീഴിലാക്കി പകയുടെ കടം തീർക്കുന്ന കോർപ്പറേറ്റ് ലോകത്ത് കോറോ ഹെൽത്ത് പുതിയ ഉദാഹരണമല്ല. മുൻപും നോട്ടീസോ, മുന്നറിയിപ്പോ ഇല്ലാതെ ഇത്തരം പ്രവർത്തികൾ ധാരാളം നടന്നു. 300 കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ വലിയ കമ്പനി എന്നാണ് ലേബർ കോഡ് പറയുന്നത്. സർക്കാരിന് നോട്ടീസ് കൊടുക്കലും റീ സ്കില്ലിംഗ് ഫണ്ടും, പാതി ശമ്പളവുമെല്ലാം കോറോ ഹെൽത്തിന് അത്ര ഹെൽത്തി അല്ല. സർക്കാർ ഇടപെട്ടിട്ടും തൊഴിൽ നിയമങ്ങളുടെ വരികൾക്കിടയിലൂടെ വായിച്ച് അമേരിക്കയിലെ ടെക്സാസ് സിറ്റിയിലെ കോർപ്പറേറ്റ് ഓഫീസ് വെല്ലുവിളിക്കുകയാണ്. ഇന്നാട്ടിലെ തൊഴിലാളികളേയും, തൊഴിലാളി പ്രസ്ഥാനങ്ങളേയും. നാളേകളിൽ നമ്മളിൽ പലരേയും വിഴുങ്ങാൻ കഴിയുന്ന പെരുമ്പാമ്പിനെ പടച്ചിറക്കാനുള്ള പടപ്പുറപ്പാടിന്റെ പടിയാണ് കോറോ ഹെൽത്ത്.

Post a Comment