തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനുമായി നടത്തുന്ന ചർച്ചകളിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ 'ഐ.ആർ.ഐ.ബി' യെ ഉദ്ധരിച്ചാണ് വാർത്ത. ഒമാനും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകൾ പൂർണമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും ഇതിൽ യു.എസ് ഇടപെടൽ ഇല്ലെന്നും ഇറാൻ വ്യക്തമാക്കി.


ഹുർമുസ് വിഷയം പരിഹരിക്കുന്നതിൽ നിർണായകമായ പുരോഗതിയുണ്ടായതായും ഉടനടി ധാരണയിലെത്താൻ സാധിക്കുമെന്നും യു.എസ് അധികൃതർ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ്റെ ഈ പ്രതികരണം. ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. ഒരു കരാറിലെത്താൻ സാധിച്ചേക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റും സൂചന നൽകിയിരുന്നു.

എന്നാൽ, അമേരിക്കയുടെ ഈ അവകാശവാദങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. പേർഷ്യൻ ഗൾഫിനെ ലോക വ്യാപാര പാതകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ഒമാൻ്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ മുന്നോട്ടുപോകുന്നുണ്ടെങ്കിലും, അതിൽ വാഷിംഗ്ടണിന് യാതൊരു പങ്കുമില്ലെന്നാണ് തെഹ്‌റാൻ വ്യക്തമാക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളിൽ എന്നും നിഷ്പക്ഷ നിലപാട് പുലർത്തുകയും മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന രാജ്യമാണ് ഒമാൻ. മുൻപും അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്കും തടവുകാരുടെ കൈമാറ്റത്തിനും വഴിമരുന്നിട്ടത് ഒമാന്റെ ഇത്തരത്തിലുള്ള നയതന്ത്ര ഇടപെടലുകളായിരുന്നു.
 

Post a Comment

أحدث أقدم