കോഴിക്കോട്: കോഴിക്കോട് കമ്മീഷണർ ഓഫീസിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള പോലീസ് മ്യൂസിയം സ്ഥിരമായി തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് എം.എൽ.എ അഡ്വ. ഫൈസൽ ബാബു പറഞ്ഞു. മ്യൂസിയം സ്ഥിരമായി പ്രവർത്തിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഐ.വൈ.സി ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ചരിത്ര-പൈതൃക പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണ് ഇന്ന് പോലീസ് മ്യൂസിയമായി പ്രവർത്തിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അന്ന് ഈ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ദേശീയ പ്രാധാന്യമുള്ള ഈ ചരിത്രകെട്ടിടം പലപ്പോഴും അടഞ്ഞുകിടക്കുകയും പത്രവാർത്തകൾ വരുമ്പോൾ മാത്രം തുറക്കുകയും പിന്നീട് വീണ്ടും അടച്ചിടുകയും ചെയ്യുന്ന സാഹചര്യം മാറേണ്ടതുണ്ടെന്ന് ഫൈസൽ ബാബു പറഞ്ഞു. മ്യൂസിയം സ്ഥിരമായി പൊതുജനങ്ങൾക്കായി തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് മ്യൂസിയം സ്ഥിരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ നേരത്തെ നൽകിയ നിവേദനവും ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തകളും അസോസിയേഷൻ പ്രസിഡന്റ് ഗിന്നസ് ലത്തീഫ് എം.കെ. എം.എൽ.എ അഡ്വ. ഫൈസൽ ബാബുവിന് കൈമാറി. വിഷയം ഗൗരവമായി പരിഗണിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.
കോഴിക്കോട് കുറ്റിച്ചിറ മേഖലയിലെ ചരിത്രപ്രാധാന്യമുള്ള പൈതൃക വീടുകൾ ഏറ്റെടുത്ത് സംരക്ഷിച്ച് പൈതൃക ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഫൈസൽ ബാബു പറഞ്ഞു. കോഴിക്കോടിന്റെ ചരിത്രവും വാസ്തുശിൽപ്പ പാരമ്പര്യവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പന്നിയങ്കരയിലെ സത്രത്തിന് മുന്നിൽ നാശത്തിന്റെ വക്കിൽ നിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള ചുമടുതാങ്ങിയും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പഴയകാല യാത്രാ-വാണിജ്യ ചരിത്രത്തിന്റെ ഭാഗമായ ഇത്തരം ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു.
പുരാവസ്തു വകുപ്പ് മന്ത്രിയുമായി ആലോചിച്ച് കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയങ്ങൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ചരിത്രസംരക്ഷണ പ്രവർത്തനങ്ങൾക്ക് തന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും നൽകുമെന്നും അഡ്വ. ഫൈസൽ ബാബു വ്യക്തമാക്കി.
അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുന്നതിനായി ഐ.സി.ആർ. പ്രസാദ് മോട്ടിവേഷൻ ക്ലാസും നടത്തി.
ചടങ്ങിനോടനുബന്ധിച്ച് വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങൾ, പുരാവസ്തുക്കൾ, പഴയ രേഖകൾ, അപൂർവ ചിത്രങ്ങൾ തുടങ്ങി നിരവധി ചരിത്രവസ്തുക്കൾ ഉൾപ്പെടുത്തി വിപുലമായ ചരിത്ര-പൈതൃക പ്രദർശനവും സംഘടിപ്പിച്ചു. കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു പ്രദർശനം.
ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ബേപ്പൂരിൽ നടത്തിയ ചരിത്രപ്രദർശനത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കളും ചിത്രങ്ങളും പ്രദർശിപ്പിച്ചതിനുള്ള കോഴിക്കോട് കോർപ്പറേഷന്റെ സർട്ടിഫിക്കറ്റ് ചടങ്ങിൽ ബഷീറിന്റെ മകൻ അനീസ് ബഷീർ വിതരണം ചെയ്തു.
ചടങ്ങിൽ ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ് ഗിന്നസ് ലത്തീഫ് എം.കെ. അധ്യക്ഷനായി. സെക്രട്ടറി മുജീബ് റഹ്മാൻ, റഷീദ് മക്കട, സൂരജ്, വികാസ്, ട്രഷറർഹജാസ്,തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷനിൽ പുതുതായി അംഗങ്ങളായവർക്കുള്ള ഐഡി കാർഡ് വിതരണവും ചടങ്ങിൽ നടന്നു.
കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സജീവമാക്കുന്നതിനും പുതുതലമുറയിൽ ചരിത്രബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post