തിരുവനന്തപുരം: സർക്കാരിന്റെ ആസൂത്രണ പാളിച്ചയിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കുന്നു. അർധരാത്രി 12.30 വരെയായിരുന്ന പീക് സമയം 12.45വരെയാക്കി ഉയർത്തി. കേന്ദ്രവിഹിതം കുറഞ്ഞു എന്നുപറഞ്ഞാണ് സമയം വർധിപ്പിച്ചത്. നേരത്തെ 12 മണിവരെയായിരുന്ന സമയം കഴിഞ്ഞ ദിവസമാണ് 12.30ആക്കി ഉയർത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും സമയപരിധി ഉയർത്തിയിരിക്കുന്നത്.


12.30 വരെയായി പറഞ്ഞിരുന്നെങ്കിലും പല ഭാ​ഗങ്ങളിലും അതിന് ശേഷവും കറന്റ് പോകുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ ഒരു ഇടപെടലും സർക്കാർ നടത്താതിരിക്കുമ്പോഴാണ് ഇപ്പോൾ പീക് സമയം വീണ്ടും വർധിപ്പിച്ചിച്ച് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുന്നത്.


മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണംമൂലമുള്ള പ്രതിസന്ധി കടുത്തിട്ടും പൂർണമായി കയ്യൊഴിയുകയാണ് സർക്കാർ. അധികൃതർക്കാകട്ടെ അനക്കമില്ല. വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ, വൈകിട്ട് ആറ്‌ മുതൽ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്ന്‌ കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിൽ 800–900 മെഗാവാട്ട് കുറവാണുണ്ടാകുന്നത്‌.


ഗ്രാമ–നഗര വ്യത്യാസമില്ലാതെ പലയിടത്തും രാത്രി ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈദ്യുതി നിലയ്‌ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മണിക്കൂർവരെ വൈദ്യുതി മുടങ്ങിയെന്ന്‌ മന്ത്രി സണ്ണി ജോസഫ്‌ സമ്മതിച്ചു. ഇടവിട്ട്‌ വൈദ്യുതി മുടങ്ങുന്നത്‌ വലിയ നഷ്‌ടമാണ്‌ കച്ചവടക്കാർക്കും ചെറുകിട വ്യാപാരികള്‍ക്കും ഉണ്ടാകുന്നത്‌. ഫ്രിജ്‌ ഓഫാകുന്നത് മൂലം ഭക്ഷ്യവസ്‌തുക്കൾ ചീത്തയാകുന്നുണ്ടെന്ന്‌ കച്ചവടക്കാർ പരാതിപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടിയെത്തുന്നവരെ മൊബൈൽവെട്ടത്തിൽ ചികിത്സിക്കേണ്ട സ്ഥിതിയാണ്‌ ആശുപത്രികളിൽ. കുട്ടികളുടെ പഠനവും മുടങ്ങുന്നു.
 

Post a Comment

Previous Post Next Post