കോഴിക്കോട്:
 മനുഷ്യരുടെ ആത്യന്തിക പുരോഗതി ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക സമൂഹത്തിന്റെ വ്യവഹാരങ്ങളെയും നിലപാടുകളെയും അടുത്തറിയാനും മുന്‍വിധികളില്ലാതെ മനസ്സിലാക്കാനും പൊതു സമൂഹം തയ്യാറാകേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സമസ്ത സെന്റിനറിയുടെ ഭാഗമായി 'ഖല്‍ബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.      

മാനവികതയിലും നീതിയിലും അധിഷ്ഠിതമായ സമഗ്രമായ ഒരു സാംസ്‌കാരിക-സാമൂഹിക നാഗരിക മുന്നേറ്റമാണ് മുഹമ്മദ് നബി സാധ്യമാക്കിയത്. സാമൂഹിക തലത്തില്‍ സാഹോദര്യവും സ്‌നേഹവും സമത്വവും സ്ഥാപിക്കാന്‍ ഇസ്ലാമിന് സാധിച്ചു. കരുണാര്‍ദ്രമായ ഒരു സാമൂഹിക ഘടനയാണ് ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തിയത്.

ഇസ്ലാമിക സംഘടനകളും മുസ്ലിംകളും അവയുടെ തുടര്‍ച്ചക്കും ആവിഷ്‌കാരത്തിനുമായാണ് സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളും, വയോജനങ്ങളും കുട്ടികളുമടങ്ങിയ വിഭാഗം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്വം മതം പ്രധാനമായി കാണുന്നു. അതിനാല്‍ അവരുടെ ക്ഷേമത്തിനായുള്ള ആശയങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. 

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍  മനുഷ്യന്‍ പുലര്‍ത്തേണ്ട മര്യാദകളാണ് മതത്തിന്റെ പ്രയോഗരൂപം. കുടുംബത്തിനകത്തും പുറത്തും
പാലിക്കേണ്ട അച്ചടക്കങ്ങളുണ്ട്. തൊഴില്‍ രംഗത്തും മറ്റു മേഖലകളിലും പുലര്‍ത്തേണ്ട മര്യാദകളുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരും  സ്വീകരിക്കേണ്ട അച്ചടക്കങ്ങളുമുണ്ട്. ഇതെല്ലാം വിശ്വാസികളെ നിരന്തരം ഉണര്‍ത്തല്‍ പണ്ഡിതന്മാരുടെയും പ്രബോധകരുടെയും ദൗത്യമാണ്. അത് ഉപേക്ഷിക്കാവുന്നതല്ല.

മതത്തിന്റെ പെരുമാറ്റ ചട്ടങ്ങള്‍ ഉണര്‍ത്തുക എന്നാല്‍ നിര്‍ബന്ധിക്കലല്ല. വിശ്വാസികള്‍ക്ക് സ്വീകരിക്കാം. പക്ഷേ, വിശ്വാസ കാര്യങ്ങള്‍ പറയാനുള്ള ജനാധിപത്യ രാജ്യത്തെ അവകാശം ആര്‍ക്കും റദ്ദ് ചെയ്യാനാകുന്നതല്ല. ആരോഗ്യകരമായ സംവാദങ്ങളും നിര്‍മാണാത്മകമായ അജണ്ടകളുമാണ് നമുക്കിടയില്‍ വികസിക്കേണ്ടത്.

സമൂഹം പല രീതിയിലുള്ള പ്രതി സന്ധികളിലൂടെയാണ് സഞ്ചരിക്കുന്നത്. യുദ്ധവും സംഘര്‍ഷങ്ങളും സാമൂഹിക അസ്ഥിരതയും മൂല്യങ്ങളുടെ തകര്‍ച്ചയും ഉണ്ടാക്കുന്ന പരിക്കുകള്‍ വലുതാണ്. അതിജീവനത്തിനായി സ്വയം പര്യാപ്തതക്ക് ആവശ്യമായ കാര്യങ്ങളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. മിതവ്യയത്തിന്റെ മാതൃകകള്‍ ഉണ്ടായി വരേണ്ടതുണ്ട്. സമാന്തര സാമ്പത്തിക ക്രമം ശക്തിപ്പെടേണ്ടതുമുണ്ട്. കൂടുതല്‍ കരുതല്‍ പുലര്‍ത്തുന്ന സമൂഹമായി നമ്മള്‍ മാറണം. ബദലുകള്‍ കൊണ്ട് പരിഹാരം നിര്‍മിക്കണം. മുഹമ്മദ് നബി(സ)യില്‍ അതിനെല്ലാമുള്ള മാതൃകകള്‍ നമുക്ക് കാണാന്‍ കഴിയും. അവയെ അറിയാനും പഠിക്കാനും പരിശ്രമിക്കുക.
500 കലാപ്രതിഭകള്‍ അണിനിരന്ന മെഗാ ദഫ് ഘോഷയാത്രയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം സംസാരിച്ചു.

Post a Comment

أحدث أقدم