തൃശൂർ/കോട്ടയം: അമേരിക്കയിൽ ഉറ്റസുഹൃത്തുക്കളായ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് യുഎസ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.മിൽപീറ്റസ് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന തുടരുകയാണ്. പരിശോധനകൾ പൂർത്തിയായ ശേഷമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി (32)യെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്നത് ഇപ്പോഴും വ്യക്തമല്ല.
സോഫ്റ്റ്‌വെയർ എൻജിനീയറായ അനില നാലുവർഷം മുൻപാണ് ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പം യുഎസിലെത്തിയത്. നേരത്തെ ബെംഗളൂരുവിലായിരുന്നു ജോലി. ദമ്പതികൾക്ക് നാലുവയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ മാതാപിതാക്കളും നിലവിൽ യുഎസിലാണുള്ളത്. ഇവർ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
അഞ്ജനയും ആൻ മേരിയും ഒരുമിച്ച് താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് സംഭവങ്ങളുടെ തുടക്കം. പാർക്കിങ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ ശേഷം അനില കാർ ഇടിപ്പിച്ചതായി ദൃക്സാക്ഷികളുണ്ടെന്നാണ് വിവരം. ഇതിന് തൊട്ടുമുൻപ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളിലും അനിലയ്ക്ക് പങ്കുണ്ടെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കൾക്കും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണ പുരോഗതിയും ഫൊറൻസിക് പരിശോധനാഫലങ്ങളും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ ഇടപെടൽ തുടരുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബന്ധുക്കളെ ഫോണിൽ വിളിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നോർക്കയുടെ നിർദേശപ്രകാരം ബന്ധുക്കൾ വീസ, പാസ്പോർട്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
യുഎസിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക നടപടികളും പൂർത്തിയാക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവന്നേക്കുമെന്നാണ് സൂചന. നടപടികൾ പൂർത്തിയായ ശേഷമേ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകൂ

Post a Comment