ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനമാണ് ഇന്ന്. വിരുദ്ധ ചേരികളിലെ അംഗരാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തി സംയുക്ത പ്രസ്താവന ഇറക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തില്‍ ഇപ്പോഴത്തെ ധാരണ തുടരണമെന്ന് ഇന്ത്യയും ചൈനയും അഭ്യര്‍ത്ഥിച്ചു. 

യൂറോപ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക ആധിപത്യത്തിന് പുറത്ത് സാമ്പത്തികമായി വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ സഹകരണ വേദി എന്ന ലക്ഷ്യത്തെ അന്വര്‍ത്ഥമാക്കിയതായിരുന്നു ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനം. ഇന്ത്യ,റഷ്യ, ചൈന,എന്നീ രാജ്യങ്ങളെ ഒരേ വേദിയിലിരുത്താനായെന്നത് അതിനുദാഹരണമാണ്.

 ഒപ്പം പശ്ചിമേഷന്‍ സംഘര്‍ഷത്തില്‍ രണ്ട് ചേരികളിലായി നില്‍ക്കുന്ന ഇറാനും യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള ഭിന്നത പരിഹരിച്ച് സംയുക്ത പ്രസ്താവന ഇറക്കിയത് അംഗ രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ധാരണയ്ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. 

ഇത് ആഗോള തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര ശക്തി തുറന്നുകാട്ടുന്നതിനും കാരണമായി.

 ലോകക്രമത്തില്‍ അധികാരം പാശ്ചാത്യ രാജ്യങ്ങളില്‍ ഒതുങ്ങുന്ന രീതി മാറേണ്ടതുണ്ടെന്ന ഉദ്ഘാടന പ്രസംഗത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ലോകരാജ്യങ്ങള്‍ക്കുള്ള ബ്രിക്സിന്റെ സന്ദേശമായി.
പശ്ചിമേഷന്‍ സംഘര്‍ഷത്തിലെ ശാശ്വത പരിഹാരം സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമെന്ന ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിലൂടെ വ്യക്തമാക്കാനായി. അമേരിക്ക ഏകപക്ഷീയമായി തീരുവ ചുമത്തുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും,ചട്ടവിരുദമായ നടപടികള്‍ വാണിജ്യത്തെ വികലമാക്കുന്നുവെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തതിലൂടെ അമേരിക്കയുടെ വ്യാപാര നയങ്ങള്‍ക്ക് ബ്രിക്സിന് ആദ്യദിനം തന്നെ മുന്നറിയിപ്പ് നല്‍കാനായി. ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച ശ്രദ്ധേയമായി . ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന സൂചനയാണ് നല്‍കുന്നത്.
 



Post a Comment

أحدث أقدم