തിരുവനന്തപുരം:
യുപിഐ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കുമേൽ ഒക്ടോബർ 15 മുതൽ അധിക ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
വ്യാപാര രംഗത്തും ചെറുകിട വ്യവസായ മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.
ഇത് നിലവിലുള്ള ജിഎസ്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയയും സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു.
യുപിഐ ഇടപാടുകൾക്ക് മേലുള്ള ചാർജ് ഈടാക്കുവാൻ ബാങ്കുകൾക്കാണ് അധികാരം നൽകിയിട്ടുള്ളത്.
വളഞ്ഞിട്ട് ഞെരുക്കുക എന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കാഷ്ലെസ് പണമിടപാട് കൊണ്ടുവരുകയും നോട്ട് നിരോധനം നടപ്പിലാക്കുകയും ചെയ്തപ്പോൾ ചാർജുകൾ പൂർണമായും ഒഴിവാക്കുന്ന രീതിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
വ്യാപാരികൾക്കു മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള പുതിയ ചാർജ് വ്യാപാരമേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ ഇടവരുത്തും.
അമേരിക്കയുമായി ഉണ്ടാക്കിയിട്ടുള്ള പുതിയ വ്യാപാര കരാറുകളുടെ ഫലമായി വ്യാപാര രംഗത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജിഎസ്ടിയിൽ വരുത്തിയ ഘടനാപരമായ മാറ്റങ്ങളും വ്യാപാരികളെ ബാധിച്ചിരിക്കുന്നു. പെട്രോൾ-ഡീസൽ വില വർധനയും ഗ്യാസിന്റെ വിലക്കയറ്റവും ഉണ്ടാക്കിയിട്ടുള്ള ആഘാതത്തിൽ നിന്നും വ്യാപാര വ്യവസായ മേഖല മോചിതമായിട്ടില്ല. 3000 രൂപയുടെ ഇടപാടുകൾ നടക്കുമ്പോൾ വ്യാപാരികൾ 12 രൂപയാണ് അധിക ഫീസായി നൽകേണ്ടത്.
10000 രൂപയുടെ നേൽ 40 രൂപയും 50000 രൂപയുടെ ഇടപാടുകളിന്മേൽ 200 രൂപയും 75000 രൂപയിന്മേൽ 300 രൂപയുമായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ജിഎസ്ടി അധികമായി ഈടാക്കും. ഇത് വ്യാപാരികൾക്ക് വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. വ്യാപാരികളുടെ യുപിഐ ഇടപാടുകളിൽ മേൽ ആരംഭിച്ചിട്ടുള്ള അധിക ഫീസ് അടിയന്തിരമായി പിൻവലിക്കണമെന്ന് സമിതി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

إرسال تعليق