ഓമശ്ശേരി: ഇലക്ട്രോണിക് മെഷീനിൽ വോട്ട് രേഖപ്പെടുത്തി വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തതും വിജയിച്ചവർ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ജനസമക്ഷം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതും പുത്തൂർ ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി.


 വോട്ടർപട്ടിക, സ്ഥാനാർഥികൾ, ചിഹ്നങ്ങൾ, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, കലാശക്കൊട്ട്, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിചയപ്പെടുത്തി നടത്തിയ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ജനാധിപത്യ സംവിധാനത്തിന്റെ പ്രായോഗിക പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്നതിനൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്തവും നേതൃത്വത്തിന്റെ പ്രസക്തിയും ബോധ്യപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ്.

വിജയിച്ച സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും ജെ.ആർ.സി. സ്കാർഫിങ് സെറിമണിയും കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ കെ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളും സേവന മനോഭാവവും വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെ.ആർ.സി. അംഗങ്ങൾക്കുള്ള സ്കാർഫിങ് കർമ്മവും സർക്കിൾ ഇൻസ്പെക്ടർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

 തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങൾക്ക് പ്രധാനാധ്യാപിക വി. ഷാഹിന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി. സലീം, എം.പി.ടി.എ. പ്രസിഡന്റ് ഷെറീജ, എസ്.എസ്. ക്ലബ് കൺവീനർ രമ്യ ടീച്ചർ, പി.കെ. ദീപ ടീച്ചർ, ബി.എസ്. ഷൈനി ടീച്ചർ, ഫാസിലുർഹ്മാൻ മാസ്റ്റർ, കെ.സി. മുഹമ്മദ് ഷാദുലി മാസ്റ്റർ, കെ. ഖമറുദ്ദീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഫോട്ടോ: പുത്തൂർ ഗവ. യു.പി. സ്കൂളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിദ്യാർത്ഥി പ്രതിനിധികൾ കൊടുവള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. പ്രജീഷിനൊപ്പം.

Post a Comment

Previous Post Next Post