കൊടുവള്ളി: താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ തോട്ടഭൂമിയിലാണ് പ്രവർത്തിക്കുന്നതെന്ന തഹസിൽദാരുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ, സ്ഥാപനത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് ടിപി യൂസുഫ് ആവശ്യപ്പെട്ടു.

തിരുവമ്പാടി സ്വദേശി സെയ്തലവി നൽകിയ ഹരജിയെ തുടർന്നാണ് തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചത്. ഫ്രഷ് കട്ടിന് അനുമതി നൽകിയതിന്റെ നിയമപരമായ അടിസ്ഥാനം, ബന്ധപ്പെട്ട അനുമതികൾ, ധാരണാപത്രങ്ങൾ എന്നിവ പുറത്തുവിടണമെന്നും അനുമതി നൽകുന്നതിൽ വീഴ്ചയോ നിയമലംഘനമോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള എംഎൽഎമാരുടെ നേതൃത്വത്തിൽ ഉണ്ടായ ധാരണാപത്രങ്ങളുടെയും ഇടപെടലുകളുടെയും നിയമപരവും ഭരണപരവുമായ അടിസ്ഥാനവും വ്യക്തമാക്കണം. ഫ്രഷ് കട്ടിന് നൽകിയ അനുമതികൾ പുനഃപരിശോധിക്കുകയും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ടിപി യൂസുഫ് അധ്യക്ഷത വഹിച്ചു. ഇപിഎ റസാഖ്, ആബിദ് പാലക്കുറ്റി, വി.എം. നാസർ,  സിപി ബഷീർ, ഇബ്രാഹീം വി.കെ.,അനീസ് കാരാടി, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. സിദ്ധീഖ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധീഖ് ഈർപ്പോണ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഫാസിൽ ചമൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post