ന്യൂയോർക്ക്:
യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ വരെ കടന്നാക്രമിച്ചായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം. മംദാനി മേയറായതു മുതൽ ന്യൂയോർക്കിലെ ഭൂരിഭാഗം ജൂതന്മാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നാണ് വിമർശനം. സൊഹ്‌റാൻ മംദാനിയെ ജൂതവിരുദ്ധൻ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.


യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായി തന്നെ ഇസ്രയേൽ പ്രധാനമന്ത്രിയും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയും തമ്മിൽ രൂക്ഷമായ വാക്പോര് ആരംഭിച്ചതാണ്. യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു എത്തുന്നതിനു മുന്നോടിയായി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹുവിനെ ‘യുദ്ധക്കുറ്റവാളി’ എന്നും ഗാസയിലെ ജനങ്ങൾക്ക് നേരെ നടത്തുന്ന ‘ഭയാനകമായ വംശഹത്യയുടെ ശിൽപി’ എന്നും മംദാനി വിശേഷിപ്പിച്ചിരുന്നു. കൂടാതെ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ ന്യൂയോർക്കിലെത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും മംദാനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു നഗരത്തിന്റെ പ്രതിനിധി എന്ന നിലയിൽ അതിനുള്ള നിയമപരമായ അധികാരം തനിക്കില്ലെന്ന് മംദാനി പിന്നീട് വ്യക്തമാക്കി.

ഇതിനുപിന്നാലെ മംദാനിയുടെ ആരോപണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ ഹ്രസ്വമായ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ‘താൻ ഐക്യരാഷ്ട്രസഭയിലേക്ക് വരികയാണെന്നും ഞങ്ങളുടെ ധീരരായ സൈനികരെക്കുറിച്ചുള്ള സത്യവും മംദാനിയെക്കുറിച്ചുള്ള സത്യവും താൻ അവിടെ ലോകത്തോട് വെളിപ്പെടുത്തുമെന്നും മംദാനിയെ ഓർത്തു ലജ്ജിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്ത ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നതിൽ താങ്കൾക്ക് നാണമില്ലേ എന്നും വീഡിയോയിൽ മംദാനിയോട് നെതന്യാഹു ചോദിച്ചു.

പിന്നാലെ, യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലും മംദാനിയെ നെതന്യാഹു കടന്നാക്രമിക്കുകയായിരുന്നു. ജൂതവിരുദ്ധനാണ് മംദാനിയെന്നും മംദാനി ന്യൂയോർക്ക് മേയറായതു മുതൽ നഗരത്തിലെ ജൂതന്മാർക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. എന്നാൽ താൻ എല്ലാത്തരം ജൂതവിരുദ്ധതയെയും അപലപിക്കുന്നുണ്ടെന്നും, ഇസ്രായേൽ സർക്കാരിന്റെ സൈനിക നടപടികളെ വിമർശിക്കുന്നതിനെ മനഃപൂർവം ജൂതവിരുദ്ധതയായി ചിത്രീകരിക്കുകയാണെന്നും മംദാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post