ടോക്കിയോ:
ഏഷ്യൻ ഗെയിംസിൽ മലയാളി താരം വിദർശ കെ വിനോദിന് ചരിത്ര നേട്ടം. ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ വെള്ളി മെഡൽ കരസ്ഥമാക്കി.
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് വിദർശ. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ്.
വിദർശ ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന ഇന്ത്യൻ ടീമാണ് വെള്ളി മെഡൽ നേടിയത്. തന്റെ ആദ്യ ഏഷ്യൻ ഗെയിംസാണിത്.
ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു.
കുടുംബത്തിന്റെയും പരിശീലകന്റെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്നും താരം പറഞ്ഞു.
50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
കേരളത്തിൽ തുടരാൻ ആഗ്രഹമുണ്ടെന്നും സംസ്ഥാനം ജോലി നൽകിയാൽ സ്വീകരിക്കുമെന്നും വിദർശ പറഞ്ഞു.
2018-ൽ എൻസിസി വഴിയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേക്ക് എത്തുന്നത്. 2019-ൽ ഇത് പ്രൊഫഷനായി സ്വീകരിച്ചു. ഡൽഹിയിലാണ് പ്രധാന പരിശീലനം.
കേരളത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലന സൗകര്യമുണ്ടെന്നും എല്ലാ ജില്ലകളിലും അസോസിയേഷനുകളുണ്ടെന്നും മെമ്പർഷിപ്പ് എടുത്ത് പരിശീലിക്കാമെന്നും വിദർശ കൂട്ടിച്ചേർത്തു.

Post a Comment