​കോഴിക്കോട്:
 സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. നിലവിലെ സാമൂഹികാന്തരീക്ഷവും സ്ത്രീ സുരക്ഷയും ഉദ്ദേശിച്ചുകൊണ്ടായിരിക്കാം കാന്തപുരം അത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മൊത്തത്തിൽ സാമൂഹികമായ അവസ്ഥയെ പരാമർശിച്ചു കൊണ്ടായിരിക്കും അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക. സ്ത്രീ സുരക്ഷക്ക് വേണ്ടിയാണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞിട്ടുണ്ടാവുക. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നു നിൽക്കുക എന്നത് തന്നെയാണ് നമുക്ക് ചെയ്യാനുള്ളത്. 

മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സമുദായത്തിന്റെ ഐക്യവും സാമൂഹ്യഐക്യവും പ്രധാനമാണ്. അതിനുവേണ്ടി മുസ്‍ലിം ലീഗ് എപ്പോഴും പ്രവർത്തിക്കും. സമൂഹത്തിന്റെ സമാധാനത്തിനും വ്യവസ്ഥാപിതമായ മുന്നേറ്റത്തിനുമുള്ള ഒരു പൊതുപ്ലാറ്റ്ഫോമാണിത്. മുസ്‍ലിംകളെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തിയാണ് ലീഗ് മുന്നോട്ട് പോകുന്നത്’ -അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കഴിഞ്ഞ ദിവസം അഭിപ്രായ​പ്പെട്ടത്. 

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.


മതപരമായ കാര്യങ്ങളിൽ താൻ സംസാരിക്കുമ്പോൾ വിമർശനങ്ങളുമായി എത്തുന്ന സംഘടനകൾക്ക് അതിന് അവകാശമില്ല. താൻ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിർക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും തനിക്ക് അധികാരമുണ്ട്. ഇതുപോലുള്ള മതപരമായ നിലപാടുകൾ മുൻപും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും അത് ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന് പിന്തുണയുമായി പി.വി. അൻവർ രംഗത്തെത്തിയിരുന്നു. മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുകയും ആത്മീയ ദിശാബോധം നൽകുകയുമാണ് പണ്ഡിതന്മാരുടെ ജോലിയെന്നും അതാണ് കാന്തപുരം ഉസ്താദ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്. മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പർവ്വതീകരിച്ച് അതിൽ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങൾ തികച്ചും അപലപനീയമാണ്. യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകൾ ഇസ്ലാമിക ചരിത്രത്തിൻറെ ഭാഗമാണ്.സമകാലിക സാഹചര്യത്തിൽ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകൾ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്.

ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. തിരഞ്ഞെടുപ്പിൽ അമ്പെ പരാജയപ്പെട്ടവർ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങൾ എന്നോർക്കുന്നത് നല്ലതാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വർഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്’ -അൻവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.






Post a Comment

أحدث أقدم