തിരുവനന്തപുരം: സ്‌കൂളുകളിൽ ആൺകുട്ടികൾ മുടി വെട്ടണമെന്ന് നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. തങ്ങളുടെ ഇഷ്ടപ്രകാരം തലമുടി വളർത്താൻ ആൺകുട്ടികൾക്കും ട്രാൻസ്ജെൻഡർ കുട്ടികൾക്കും പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്ക്കർ വ്യക്തമാക്കി.

മുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ, ക്ലാസ് മുറികളിൽ നിന്ന് മാറ്റിനിർത്തുകയോ, വിവേചനപരമായി പെരുമാറിക്കൊണ്ട് ശിക്ഷാനടപടികൾക്ക് വിധേയമാക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ ഓർമ്മിപ്പിച്ചു.

കണ്ണുകളോ മുഖമോ മറയാത്ത രീതിയിൽ വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കേണ്ടത് കുട്ടികളുടെ ചുമതലയാണ്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ വേണം. ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ല.ലിംഗനിർണയം നടത്താത്ത കുട്ടികൾക്ക് അവരുടെ താൽപ്പര്യത്തിനനുസൃതമായി മുടി പരിപാലിക്കാനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കാനും പൂർണ്ണ അവകാശമുണ്ട് എന്നും കമ്മിഷൻ നിർദേശിച്ചു.

ഈ വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുവരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അതിനാൽ അടിയന്തിരമായി മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരെക്കൂടി കേട്ട ശേഷമായിരിക്കണം വിദ്യാലയങ്ങൾക്ക് നിർദേശങ്ങൾ നൽകേണ്ടതെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം.

കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടിവളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ ചിത്രീകരിക്കുന്നുവെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോൻ നൽകിയ ഹർജിയും കമ്മീഷൻ പരിഗണിച്ചു. കൂടാതെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടിവരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ മാർഗനിർദേശം തേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.
 

Post a Comment

أحدث أقدم