കോഴിക്കോട്: ബിജെപി ഡീല്‍ ആരോപണത്തെ ഗൗരവത്തോടെ കാണാനായില്ലന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച മാര്‍ഗരേഖയില്‍ വിമര്‍ശനം. ആരോപണം ഗൗരവത്തോടെ കാണാത്തതുകൊണ്ട് ശക്തമായി പ്രതിരോധിക്കാനായില്ല. ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ശക്തമായി തള്ളിപ്പറയാനാകണമെന്നും വിമര്‍ശനമുണ്ട്.

നേരത്തെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും ഈ വിഷയം വിലയിരുത്തിയപ്പോള്‍ വേണ്ട രീതിയില്‍ പ്രതിരോധിക്കാനായില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുറച്ച് കൂടി കടന്ന് ശക്തമായ സ്വയംവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന നേതൃത്വം മുന്നോട്ട് വന്നിരിക്കുന്നുവെന്നാണ് ഈ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നത്.

സംസ്ഥാന സമിതി അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും സിപിഐഎം മാര്‍ഗരേഖയില്‍ പറയുന്നു. ജില്ലകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തണം. യോഗങ്ങളില്‍ പങ്കെടുത്ത് പോകുന്ന പ്രവണത അവസാനിപ്പിക്കണെമെന്നും രേഖയില്‍ നിര്‍ദ്ദേശമുണ്ട്.

അതേസമയം, സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയെ കുറിച്ച് തെറ്റായ പ്രചാര വേലകള്‍ നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. മാര്‍ഗരേഖ അവതരണം പൂര്‍ത്തിയായെന്നും പോരായ്മകള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി വര്‍ഗീയതയും രാഷ്ട്രീയവും അടക്കമുള്ള വലതുപക്ഷ ആശയങ്ങള്‍ക്ക് സ്വാധീനം നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സമിതികള്‍ ഉന്നയിച്ച വിമര്‍ശനപരമായ കാര്യങ്ങള്‍ മറി കടക്കുന്നതിനാണ് റിപ്പോര്‍ട്ട്. 

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി വലതുപക്ഷ ശക്തിക്ക് മേല്‍ക്കൈ ഉണ്ടാക്കാനാണ് ശ്രമം. ഇതിനെ മറികടക്കാന്‍ സാധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് നടക്കുകയെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ മാറ്റങ്ങള്‍ക്ക് പ്രധാന പങ്ക് ഇടതുപക്ഷത്തിനാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ 20 ശതമാനം ജനങ്ങളുടെ ജീവിതം താഴോട്ട് പോകുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
 

Post a Comment

أحدث أقدم