തിരുവമ്പാടി:
ജപ്പാനിൽ വെച്ച് നടന്ന ഏഷ്യാഡിൽ ഇരട്ടവെള്ളിമെഡൽ കരസ്ഥമാക്കിയ തിരുവമ്പാടിയിലെ വിദർശ കെ വിനോദിന് ജന്മനാട്ടിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, രാഷ്ട്രീയ-സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒക്ടോബർ രണ്ടാം തിയ്യതി വൈകുന്നേരം 4 മണിക്ക് പൗരാവലിയുടെ വരവേൽപ്പ് സംഘടിപ്പിച്ചിരിക്കയാണ്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ താഴെ തിരുവമ്പാടി (യു.സി മുക്ക്)യിൽ നിന്നും മെഡൽ ജേതാവിനെ ഘോഷയാത്രയോടെ സ്വീകരിച്ച് തിരുവമ്പാടി ടൗണിലെ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സ്വീകരണ പരിപാടിയിലേക്കാനയിക്കും.
തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു പരിപാടി കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് ഉൽഘാടനം ചെയ്യും.
പരിപാടി വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ വെച്ച് പ്രിയങ്ക ഗാന്ധി വാദ്ര എം.പി (മുഖ്യ രക്ഷാധികാരി), സി.കെ. കാസിം എം.എൽ എ (രക്ഷാധികാരി), മില്ലി മോഹൻ (ചെയർ പേഴ്‌സൺ), ജിതിൻ പല്ലാട്ട് (ജനറൽ കൺവീനർ), മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ (ഖജാൻജി) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗതസംഘ കമ്മറ്റി രൂപീകരിച്ചു.

Post a Comment