തിരുവമ്പാടി:
മുക്കം സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ്, ഗണിതശാസ്ത്രം, ഐ.ടി. വിഭാഗങ്ങളിലായി വിവിധ മത്സര ഇനങ്ങളിൽ മികവ് തെളിയിച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.


സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സലോമി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ നേട്ടം സ്കൂളിന്റെ അക്കാദമിക മികവിന്റെയും അധ്യാപകരുടെ സമർപ്പണത്തിന്റെയും തെളിവാണെന്ന് അവർ പറഞ്ഞു.

 പി.ടി.എ പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു വിജയികളെ അഭിനന്ദിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഇമ്മാനുവൽ, സ്റ്റാഫ് സെക്രട്ടറി ജിനു പി.വി. എന്നിവർ ആശംസകൾ നേർന്നു.
അധ്യാപകരായ ബിജു മാത്യു, സിസ്റ്റർ മരിയ, സിസ്റ്റർ ജോളി, അക്ഷയ് സെബാസ്റ്റ്യൻ, സീമ മാനുവൽ, സിസ്റ്റർ കരോളിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


തുടർന്ന് വിജയികളായ വിദ്യാർത്ഥികൾ തിരുവമ്പാടി ടൗണിലൂടെ വർണാഭമായ വിജയാഹ്ലാദ റാലി നടത്തി. ചെണ്ട മേളങ്ങളുടെയും ആവേശകരമായ മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ നടന്ന റാലി നാട്ടുകാരുടെ ശ്രദ്ധ ആകർഷിച്ചു.

 ശാസ്ത്രമേളയിലെ തിളക്കമാർന്ന നേട്ടങ്ങളിലൂടെ വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനമായി മാറിയതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post