മാനിപുരം:
കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരള സ്റ്റേറ്റ് ഓപ്പൺ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ (KSAKA 2026) മിന്നും വിജയവുമായി മാനിപുരം എ.യു.പി. സ്കൂൾ വിദ്യാർത്ഥികൾ.
മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിവിധ കാറ്റഗറികളിലായി മെഡലുകൾ വാരിക്കൂട്ടിയതിനൊപ്പം ചാമ്പ്യൻഷിപ്പിലെ 'മികച്ച അക്കാദമി' എന്ന അഭിമാനകരമായ പുരസ്കാരവും വിദ്യാലയം സ്വന്തമാക്കി.
ദേശീയ റഫറിയും പരിശീലകനുമായ ബാലൻ മാസ്റ്ററുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിന് സജ്ജരായത്.
അതുൽദേവ് കെ., ധ്യാൻ കെ.കെ., ഷെസിൻ വി.കെ., ഫാത്തിമ ഹയ, മുഹമ്മദ് ജിനാൻ കെ., ആയിഷ നഷ്വ കെ., അബ്ദുൽ വഹാബ് എം., ജീദേവ് കെ.ജെ. എന്നീ വിദ്യാർത്ഥികളാണ് മെഡലുകൾ നേടി വിദ്യാലയത്തിനും നാടിനും അഭിമാനമായത്.
വിജയം വരിച്ച് തിരിച്ചെത്തിയ കായിക പ്രതിഭകളെയും പരിശീലകനെയും റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സതി ടീച്ചർ, പിടിഎ പ്രസിഡൻറ് നൗഫൽ, എം പി ടി എ ചെയർപേഴ്സൺ റെജി അധ്യാപകരായ ധനൂപ് മാസ്റ്റർ, ഷാജഹാൻ മാസ്റ്റർ, മറ്റ് പിടിഎ,എം.പി.ടി.എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു.
തുടർന്ന് വിദ്യാലയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ വാർഡ് ഡിവിഷൻ കൗൺസിലർ റാബിയ അഷറഫ്, സ്കൂൾ മാനേജർ എം സൂരജ്, സ്റ്റാഫ് സെക്രട്ടറി സിജു മാസ്റ്റർ, SRG കൺവീനർ ശോഭന ടീച്ചർ, സ്കൂൾ വികസന സമിതി ചെയർമാൻ ദിനേശൻ, മോഹൻദാസ് മാസ്റ്റർ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് വിജയികൾക്ക് സ്നേഹാദരങ്ങൾ നൽകി അനുമോദിച്ചു.
കഠിനാധ്വാനത്തിലൂടെ സ്കൂളിന്റെ യശസ്സ് സംസ്ഥാന തലത്തിൽ ഉയർത്തിയ വിദ്യാർത്ഥികളെയും പരിശീലകനെയും ചടങ്ങിൽ അഭിനന്ദിച്ചു.

Post a Comment