ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മർച്ച്.
ഇൻഡ്യ സഖ്യത്തിലെ വിവിധ കക്ഷിനേതാക്കളും യുവജന-വിദ്യാർഥി സംഘടനാ നേതാക്കളും പങ്കെടുക്കുന്നു. ബാരഖംബ മുതല്‍ സുപ്രിംകോടതി വരെയാണ് മാര്‍ച്ച്.
സുപ്രിംകോടതിയിലേക്ക് ഇന്ന് സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കാന്‍ ഇന്‍ഡ്യ നേതൃത്വം അനുമതി തേടിയെങ്കിലും ജസ്റ്റിസ് സൂര്യകാന്ത് അനുമതി നല്‍കിയിരുന്നില്ല.
ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ പ്രതിഷേധമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കോൺഗ്രസ് മാർച്ചിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട അദ്ദേഹം, പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്താവ് അജിത് ഡോവലിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് തെളിയിക്കാൻ പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, നരേന്ദ്ര മോദി എന്തിനാണ് ഡൽഹി നഗരം ബാരിക്കേഡുകൾ വെച്ച് തടയുന്നതെന്ന് രാഹുൽ ചോദിച്ചു.
ഡൽഹിയിൽ പൊലീസിനെ വിന്യസിച്ച് റോഡുകൾ അടച്ചുപൂട്ടുന്നത് മിഥ്യാധാരണ മാത്രമാണെന്നും, ജനങ്ങളുടെ മനസ്സിനെ ബാരിക്കേഡുകൾ വെച്ച് തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

إرسال تعليق