ഡൽഹി:
രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും. രാജ്യവ്യാപക എസ്ഐആറിൽ ക്രമക്കേടുകൾ ഉണ്ട് എന്ന് ആരോപിച്ചാണ് ഹർജി. ജന്തർമന്തറിനെ പ്രതിഷേധ ഇടത്തിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളും ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്തു ഹർജി സമർപ്പിച്ചത്.
എസ് ഐ ആറുമായി ബന്ധപ്പെട്ട ഹർജികളും ഗ്യാനേഷ് കുമാറിനെതിരായ ഹർജികളും സമയബന്ധിതമായി തീർപ്പാക്കണം എന്ന് ആവശ്യവും ഇന്ത്യ മുന്നണി നേതാക്കൾ രജിസ്ട്രാറെ കണ്ട് അറിയിച്ചിരുന്നു. അതിനിടെ ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരായ ഹർജിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മാത്തൂർ സുപ്രീം കോടതിയിൽ മറുപടി നൽകി. ഇന്റർനെറ്റ് നിയന്ത്രണം പൊതുസമാധാനം ഉറപ്പാക്കാനെന്ന് കേന്ദ്രം മറുപടി നൽകി. റെയ്സീന ഹിൽസിന് ചുറ്റും 4 കിലോമീറ്റർ പരിധിയിൽ മാത്രമാണ് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോടതിയുടെ നിർദേശങ്ങൾ മനഃപൂർവമോ ബോധപൂർവമോ ലംഘിച്ചിട്ടില്ലെന്ന് വിശദീകരണം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷയും സമർപ്പിച്ചു.
അതേസമയം ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ യോഗം ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് ചെന്നൈ എംജിആർ നഗർ മാർക്കറ്റിന് സമീപമാണ് യോഗം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ടിവികെയും പ്രതിഷേധത്തിന്റെ ഭാഗമാകും. ആദ്യമായാണ് ടിവികെ എസ്ഐആർ വിരുദ്ധ പ്രതിഷേധത്തിനെത്തുന്നത്.

إرسال تعليق