താമരശ്ശേരി:
നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയായ യുവതിയെ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായി.
അടിവാരം-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ.കെ. അനീഷ് എന്ന കുട്ടൻ (38), ക്ലീനർ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ പി.എസ്. സജിത്ത് എന്ന അക്കു (24) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയും നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ് ക്രൂരപീഡനത്തിനിരയായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ, പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പല ദിവസങ്ങളിലായി യുവതിയെ ബസ്സിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അടിവാരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുരം ഒന്നാം വളവിന് സമീപത്തെ വിജനമായ സ്ഥലങ്ങളിലും ബസ് നിർത്തി ഷട്ടറുകൾ താഴ്ത്തിയ ശേഷമായിരുന്നു ഇരുവരും ചേർന്ന് പീഡനം തുടർന്നത്. പ്രതികൾക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും തന്നെ ഉപദ്രവിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്.
മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതായതോടെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂർ പോലീസിലും പരാതി നൽകുകയായിരുന്നു.
തുടർന്ന് കേസ് ഏറ്റെടുത്ത താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ഡിവൈ.എസ്.പി കെ.എ. ബോസ് അറിയിച്ചു.

Post a Comment