തിരുവമ്പാടി : മൂന്ന് ദിവസങ്ങളിലായി തിരുവമ്പാടിക്ക് ആഘോഷ രാവുകളും പകലുകളും സമ്മാനിച്ച മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു. വിവിധ വിഭാഗങ്ങളിൽ ആവേശകരമായ ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 232 പോയിന്റ് നേടി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 221 പോയിന്റ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം.
ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യു.പി. വിഭാഗത്തിൽ ജി.യു.പി.എസ്. മണാശ്ശേരി, ആസാദ് മെമ്മോറിയൽ യു.പി. സ്കൂൾ കാരമൂല, സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ തിരുവമ്പാടി, ജി.എം.യു.പി. സ്കൂൾ കൊടിയത്തൂർ എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. പന്നിക്കോട് എ.യു.പി. സ്കൂൾ, ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ വേനപ്പാറ, ഇൻഫന്റ് ജീസസ് സ്കൂൾ തിരുവമ്പാടി എന്നിവ രണ്ടാം സ്ഥാനവും നേടി.
എൽ.പി. വിഭാഗത്തിൽ ഇൻഫന്റ് ജീസസ് സ്കൂൾ തിരുവമ്പാടി, ജി.എം.യു.പി. സ്കൂൾ കൊടിയത്തൂർ, സെന്റ് ജോസഫ് എൽ.പി. സ്കൂൾ പുല്ലൂരാംപാറ, സി.എച്ച്. എൽ.പി. സ്കൂൾ നെല്ലിക്കാപറമ്പ്, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ കൂടരഞ്ഞി എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു.
അറബിക് കലോത്സവം
അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിന്റ് നേടി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 89 പോയിന്റുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും 84 പോയിന്റുമായി ചെറുവാടി പഴംപറമ്പ് ഹിൽടോപ്പ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗത്തിൽ 65 പോയിന്റ് വീതം നേടി.
എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.എസ്. (ഗേൾസ്) മുക്കം, എ.യു.പി.എസ്. പന്നിക്കോട്, സേക്രഡ് ഹാർട്ട് യു.പി.എസ്. തിരുവമ്പാടി, ജി.യു.പി.എസ്. മണാശ്ശേരി, സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് മുക്കം എന്നീ വിദ്യാലയങ്ങൾ ചാമ്പ്യൻപട്ടം പങ്കിട്ടു.
61 പോയിന്റ് വീതം നേടിയ എസ്.കെ.യു.പി. കൊടിയത്തൂരും എ.യു.പി.എസ്. താഴക്കോടും രണ്ടാം സ്ഥാനം നേടി.
എൽ.പി. വിഭാഗത്തിൽ ഏഴ് സ്കൂളുകൾ 45 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ അഞ്ച് സ്കൂളുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജി.എൽ.പി.എസ്. കക്കാട്, ജി.യു.പി.എസ്. മണാശ്ശേരി, ജി.എം.യു.പി.എസ്. ചേന്ദമംഗല്ലൂർ, ജി.എൽ.പി.എസ്. കുമാരനെല്ലൂർ, സി.എച്ച്.എം. എൽ.പി.എസ്. നെല്ലിക്കാപറമ്പ്, ജി.എൽ.പി.എസ്. കഴുത്തൂട്ടിപ്പുറായി, ജി.എം.യു.പി. സ്കൂൾ കൊടിയത്തൂർ എന്നിവയാണ് എൽ.പി. വിഭാഗത്തിൽ ചാമ്പ്യൻപട്ടം പങ്കിട്ടത്.
സംസ്കൃത കലോത്സവം
ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ ജി.എച്ച്.എസ്.എസ്. നീലേശ്വരം ഓവറോൾ ചാമ്പ്യൻപട്ടം നേടി. പി.ടി.എം. ഹൈസ്കൂൾ കൊടിയത്തൂരിനാണ് രണ്ടാം സ്ഥാനം.
യു.പി. വിഭാഗത്തിൽ ജി.യു.പി.എസ്. മണാശ്ശേരി ഓവറോൾ കിരീടം കരസ്ഥമാക്കി. വിവേകാനന്ദ മുത്താലം, സെന്റ് ജോസഫ് യു.പി. സ്കൂൾ പുല്ലൂരാംപാറ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം
കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു.
സി.കെ. കാസിം എം.എൽ.എ. ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ആമുഖപ്രഭാഷണം നടത്തി. അരുൺ ബാഹുലേയൻ മുഖ്യാതിഥിയായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ദീപ ഷൈജോ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ജോൺസൺ, ബിജു എണ്ണാർമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
പി. സജി തോമസ്, സുനിൽ പോൾ, സോണി മണ്ഡപത്തിൽ, ജോഷി പുല്ലുകാട്ട്, ടി.കെ. ശിവൻ, സ്മിത ബാബു, എസ്. ജയപ്രസാദ്, കെ.ബി. റിനി, പി.ടി. ഷീബ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.

Post a Comment