പത്തനംതിട്ട: ശബരിമല നട തുറന്നു. ഈ വർഷത്തെ മണ്ഡലം-മകരവിളക്കിനായി തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നട തുറന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ നട തുറക്കുന്ന വേളയിൽ സന്നിഹിതനായിരുന്നു. ശബരിമല, മാളികപ്പുറം ക്ഷേത്രത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ നടതുറക്കുന്ന സമയം പതിനെട്ടാം പടിക്ക് താഴെയുണ്ടായിരുന്നു. ആദ്യദിവസം സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചത്. തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തൻ കാർമികത്വം വഹിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ആഴിയിൽ അഗ്നി പകർന്ന ശേഷം നിലവിലെ മേൽശാന്തിമാർ സോപാനത്തേക്ക് ആനയിച്ചു. അരീക്കര ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയാണ് പുതിയ ശബരിമല മേൽശാന്തി. ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തി. വൈകീട്ട് 06.30-ഓടെ സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. മാളികപ്പുറം ക്ഷേത്രത്തിൽ നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയുടെ അവരോധിക്കൽച്ചടങ്ങും നടക്കും. തിങ്കളാഴ്ച മറ്റു പൂജകൾ ഇല്ല.


ചൊവ്വാഴ്ച പുലർച്ച മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും. ഡിസംബർ 27-നാണ് മണ്ഡലപൂജ. അന്നു രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. മകരവിളക്ക് തീർഥാടനത്തിനായി 30-ന് വൈകീട്ട് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് നട അടക്കും.

ശബരിമലയിൽ പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി. ഇതിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ-പമ്പ പാത വഴി 60000, എരുമേലി കാനനപാത വഴി 3000, വണ്ടിപ്പെരിയാർ-സത്രം പാത വഴി 3000 എന്നിങ്ങനെ 66,000 പേർക്ക് വെർച്വൽക്യൂവിൽ ബുക്കുചെയ്യാം. നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2000 പേർക്ക് വീതവും സ്‌പോട്ട് ബുക്കിങ് അവസരമുണ്ട്.

ശുചിമുറിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ദേവസ്വം ബോർഡ് ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പമ്പയിലെ ശുചിമുറികളുടെ ക്ലീനിങ് ടെൻഡർ ഇതുവരെ ആയില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ടെൻഡർ ആകാത്തതിനാല്‍ ദേവസ്വം ജീവനക്കാരെയാണ് ശുചിമുറി വൃത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷിതയാത്ര ഒരുക്കാനുള്ള മോട്ടോർ വാഹനപദ്ധതിയായ 'സേഫ് സോൺ' പദ്ധതിയും ഫണ്ട് കിട്ടാത്തിനാല്‍ അനിശ്ചിത്വത്തിലാണ്. സുരക്ഷക്കായി 5000 പൊലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്.
 

Post a Comment

Previous Post Next Post