ഓമശ്ശേരി:അമ്പലക്കണ്ടിക്കടുത്ത തൂങ്ങംപുറത്ത് വ്യാഴാഴ്ച രാത്രി ഉണ്ടായ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ട അമ്പലക്കണ്ടി ചന്താറുവീട്ടിൽ പുഞ്ചാരത്ത് നാസറിന്റെ മകൻ മുഹമ്മദ്‌ നിഷാദും വെസ്റ്റ് വെണ്ണക്കോട് അഷ്റഫിന്റെ മകൻ റിഷാദും ഇരുനാടുകളുടെയും തീരാനോവായി മാറി.തൊട്ടടുത്ത പ്രദേശങ്ങളായ അമ്പലക്കണ്ടിയിലെയും വെസ്റ്റ് വെണ്ണക്കോട്ടെയും രണ്ട് യുവാക്കൾ ഒരേ അപകടത്തിൽ പൊലിഞ്ഞത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്‌.ജീവിതത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവെച്ച് അപകടസ്ഥലത്തുതന്നെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിഷാദ് ഓമശ്ശേരിയിലും റിഷാദ് മണാശ്ശേരിയിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.ഏറെ ആഗ്രഹത്തോടെ ഒരാഴ്ച മുമ്പ് വാങ്ങിയ പുതിയ സ്കൂട്ടറിലായിരുന്നു നിഷാദ്.നിഷാദിനൊപ്പം യാത്ര ചെയ്തിരുന്ന അമ്പലക്കണ്ടി കൂട്ടാതൊടിക ഹക്കീമിന്റെ മകൻ സിനാന് അപകടത്തിൽ പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനാൻ സുഖം പ്രാപിച്ചുവരികയാണ്.നിഷാദും സിനാനും മണാശ്ശേരി ഭാഗത്തേക്കും റിഷാദ്‌ അമ്പലക്കണ്ടി ഭാഗത്തേക്കും വരുന്ന വഴിയാണ്‌ ബൈക്കുകൾ പരസ്‌പരം കൂട്ടിയിടിച്ചത്‌.പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ തകർന്നുപോയ കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാനും ദുഃഖത്തിൽ പങ്കുചേരാനും എം.എൽ.എമാരായ അഡ്വ. പി.കെ. ഫിറോസും സി.കെ. ഖാസിമും ഇരു വീടുകളിലും സന്ദർശനം നടത്തി.പരുക്കേറ്റ സിനാന്റെ വീടും എം.എൽ.എമാർ സന്ദർശിച്ചു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച സി.കെ.ഖാസിമും പി.കെ.ഫിറോസും പ്രാർത്ഥനയിൽ പങ്കെടുത്താണ്‌ മടങ്ങിയത്‌.

പി.വി. സ്വാദിഖ്,യൂനുസ് അമ്പലക്കണ്ടി,ശരീഫ് വെണ്ണക്കോട്,സി.കെ. റസാഖ് മാസ്റ്റർ കൈവേലിമുക്ക്‌,അബു മൗലവി അമ്പലക്കണ്ടി,ജാഫർ പാലാഴി,സഹദ് കൈവേലിമുക്ക്,ഡോ. കെ. സൈനുദ്ദീൻ,വി.സി. അബൂബക്കർ ഹാജി,കെ.ടി. മുഹമ്മദ്,പി.പി. നൗഫൽ,യു.കെ. ശാഹിദ്,വി.സി. ഇബ്രാഹീം,സി.വി. ബഷീർ,ഇ.കെ. ശമീർ,മുഹമ്മദലി മുസ്‌ലിയാർ,റഈസ് അശ്അരി,സി.വി. ഇബ്രാഹീം എന്നിവർ കൂടെയുണ്ടായിരുന്നു.

Post a Comment

Previous Post Next Post