തിരുവമ്പാടി:
ആനക്കാംപൊയിൽ
അധ്യാപനത്തോടൊപ്പം തന്നെ വേറിട്ട കൃഷി കാഴ്ചകളുമായി വ്യത്യസ്തത പുലർത്തുന്ന ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിലാണ് നെല്ലിന്റെ പിറന്നാൾ ആഘോഷം നടന്നത്.

🌾 സ്കൂൾ അങ്കണത്തിലെ കതിരണിയാൻ തുടങ്ങിയ കരനെൽകൃഷി സാക്ഷിയാക്കി ഇത്തവണ നെല്ലിന്റെ പിറന്നാളാണ് പുതുമയാർന്ന രീതിയിൽ ആഘോഷിച്ചത്.



 കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് നെല്ലിന്റെ പിറന്നാൾ ആഘോഷിക്കുന്നത്.

🌾 കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ടെന്ന നെൽകൃഷിയെക്കുറിച്ചും വയലിനെക്കുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന ഈ അടുത്തിടെ പുറത്തിറങ്ങിയ ഏറെ പുതുമ നിറഞ്ഞ ബാലസാഹിത്യ നോവലിന്റെ ഗ്രന്ഥകാരി കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ ലേഖ കാക്കനാട്ട് നോവിലിന്റെ കോപ്പി വിദ്യാർഥികൾക്ക് നൽകി കൊണ്ട് പിറന്നാൾ ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.


🌾 നോവലിലെ മകം പിറന്ന മങ്ക എന്ന നെല്ലിന്റെ പിറന്നാളിനെക്കുറിച്ച് പറയുന്ന അധ്യായം വായിച്ചു കൊണ്ടും കൃഷി പാട്ട് പാടിക്കൊണ്ടും കർഷകവേഷമണിഞ്ഞ കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.


🌾 പുതു തലമുറയ്ക്ക് ഒരു വഴികാട്ടിയും അനുഭവവുമായി മാറുന്നതാണ് ഈ ഗ്രന്ഥം എന്ന് മനസിലാക്കിയതിനാലാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.


🌾 കരനെല്ലിനു പുറമെ ചോളവും ചേനയും പച്ചക്കറികളുമൊക്കെ സ്കൂൾ കോമ്പൗണ്ടിൽ നട്ടുവളർത്തി ഹരിതാഭമായ ഒരു വിദ്യാലയാന്തരീക്ഷാ സൃഷ്ടിച്ച ആനക്കാംപൊയിൽ യുപി സ്കൂളിന്റെ മറ്റൊരു വേറിട്ട പരിപാടിയായി മാറിയിരിക്കുകയാണ് ഈ പിറന്നാൾ ആഘോഷം.




🌾 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ എന്ന കരനെൽ വിത്താണ് ജൂലൈ ആദ്യവാരം കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ വിതച്ചത്. കതിരണിഞ്ഞു തുടങ്ങിയ കൃഷിയിടം പച്ചപ്പിന്റെ മനോഹര കാഴ്ചയായി മാറിയിരിക്കുന്നു.

🌾 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ കൊയ്ത്തുത്സവം നടത്താമെന്ന സന്തോഷത്തിലാണ് അധ്യാപകർ.


🌾 വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം സ്കൂൾ കൃഷിക്കു പുറമെ വിദ്യാർഥികളുടെ വീടുകളിലെ കാർഷിക പ്രവർത്തനങ്ങളെ വിലയിരുത്തി മികച്ച കുട്ടികൾക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നു ഈ വിദ്യാലയം.

🌾 കഴിഞ്ഞ വർഷം മികച്ച കാർഷിക ജൈവ വൈവിധ്യ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ പുരസ്കാരം ജില്ലാ കലക്ടറിൽ നിന്ന് ഏറ്റുവാങ്ങാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


🌾 നെല്ലിന്റെ പിറന്നാൾ ആഘോഷ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ അധ്യക്ഷത വഹിച്ചു.
 പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ എബി ദേവസ്യ, ജെസ്റ്റിൻ പോൾ, സിസ്റ്റർ ഷൈനി മാത്യു , ആലിസ് വി തോമസ്,  എൻ ജെ ദീപ, റീനു സ്കറിയ, റോമൽ ചെറിയാൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ സൽമാൻ ഫാരിസ്, മുസ്താഖ്, ദേവപ്രിയ ബിജേഷ്, അഭിനയ , അലീന, നന്ദന, എമിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post