തിരുവമ്പാടി:
ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമ്മ പദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

പരിപാടിയുടെ ഭാഗമായി എഫ്.എച്ച്.സി ഹാളിൽ വെച്ച് ആരോഗ്യ പ്രവർത്തകർക്കും ആശ വർക്കർമാർക്കുമുള്ള പഞ്ചായത്ത്തല പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

വാർഡു മെമ്പർ കെ.എം മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഓപ്പറേഷൻ വിബ്രിയോ പരിപാടിയെ കുറിച്ച് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. നിഖില കെ. വിശദീകരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ കർമ്മ പരിപാടി അവതരിപ്പിച്ചു.
രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളാണ് കർമ്മ പരിപാടിയിൽ അവതരിപ്പിച്ചത്.

മാസ്സ് വെൽ ക്ലോറിനേഷൻ ,ഒ.ആർ.എസ്സ് വിതരണം, ഫീവർ സർവ്വേ, ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന, ബോധവൽക്കരണ ക്ലാസ്സുകൾ, നോട്ടീസ് വിതരണം, കൊതുകിൻ്റെ കൂത്താടിനശീകരണം, എലിപ്പനി പ്രതിരോധ ഗുളിക വിതരണം എന്നീ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

ആഘോഷങ്ങൾ, ഉത്സവങ്ങൾ വിവാഹങ്ങൾ തുടങ്ങി ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ പൊതുപരിപാടികളും ആരോഗ്യ വകുപ്പിനെ മുൻകൂട്ടി അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇത്തരം ചടങ്ങുകളിൽ കുടിവെള്ളം, ഭക്ഷണ വിതരണം, വേസ്റ്റ് പരിപാലനം എന്നീ കാര്യങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

പരിശീലന പരിപാടിയിൽ JPHN മാരായ മിനി വി.എം, വിജിമോൾ എം.ജി, ഹരിത പി. JHI മാരായ ഗിരീഷ് കുമാർ കെ, രജിത്ത്. പി, ജലീൽ പി.കെ, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post