മുക്കം: 
"നീന്തി വാ മക്കളേ" എന്ന പേരിൽ കുട്ടികളുടെ നീന്തൽ പരിശീലനത്തിനു സമഗ്ര പദ്ധതിയുമായി മുക്കം നഗരസഭ. നീന്തൽ എന്ന അത്യാവശ്യ സ്കിൽ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു അത് സ്വായത്തമാക്കുന്നവർക്ക് മാത്രം സാക്ഷ്യപത്രം നൽകാനുള്ള ഉദ്യമത്തിന് ഒരുങ്ങുകയാണ് മുക്കം നഗരസഭ. ജില്ലാ സ്പോർട്സ് കൗൺസിൽ സഹായത്തോടെയാണ് പദ്ധതി. കേരളത്തിൽ ഈ രീതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് മുക്കം.

 നീന്തൽ നന്നായി അറിയുന്ന അറിയാവുന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിൽ തന്നെ സ്പോർട്സ് കൗൺസിൽ ട്രയൽസ് നടത്തി സർട്ടിഫിക്കറ്റ് നൽകും. നീന്തലറിയാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി പ്രാദേശികതലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും ഒക്കെ സഹകരണത്തോടെ പരിശീലനം നൽകാനാണ് പരിപാടി സിമ്മിംഗ് പൂളുകളും ഇക്കാര്യത്തിന് ഉപയോഗപ്പെടുത്തും.

അലക്കും കുളിയുമെല്ലാം വീടിനുള്ളിലേക്ക് മാറിപ്പോയ കാലമാണിത്. അതുകൊണ്ടുതന്നെ പുഴകളിലും കുളങ്ങളിലും  കുളിക്കാനും അലക്കാനും പോയി നീന്തൽ പഠിക്കുന്ന വരുടെ എണ്ണവും കുറഞ്ഞുവരികയാണ്. ജലാശയങ്ങളിലേക്കുള്ള വിനോദയാത്രകളിലെ അപകടങ്ങളിൽ  വെള്ളത്തിൽ മുങ്ങി ജീവൻ പൊലിയുന്ന വിദ്യാർത്ഥികളുടെ വാർത്തകൾ ഇടയ്ക്കിടയ്ക്ക് പത്രങ്ങളിലൊക്കെ നിറയാറുമുണ്ട്. ജീവിതത്തിന്റെ ചെറുപ്പ നാളുകൾ തന്നെ പഠിച്ച എടുക്കേണ്ട ഒരു നൈപുണ്യം  ആണ് നീന്തൽ. സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും ഒക്കെ ഈയൊരു സ്കിൽ വളരെ അത്യാവശ്യമാണ്.

ബോഡി ഫിറ്റ്നസിനുള്ള  വ്യായാമം എന്ന നിലയിൽ പരിഗണിച്ചാലും നീന്തലിനോളം വരില്ല മറ്റൊരു ജിം എക്സർസൈസും. ഇതുകൊണ്ടൊക്കെയാണ് നീന്തൽ എന്ന സ്കിൽ പഠിച്ചെടുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ  നീന്തൽ അറിയുന്നവർക്ക്  പ്ലസ് ടു പ്രവേശനത്തിന് ഗ്രേസ് മാർക്ക് നൽകുന്നത്. പക്ഷേ നീന്തലറിയാത്ത വരെ പരിശീലിപ്പിക്കുന്നതിനോ നീന്തൽ അറിയാമോ എന്ന് ഉറപ്പാക്കുന്നതിന് ട്രയൽസ് നടത്തുന്നതിനോ ഒന്നും മതിയായ നടപടികൾ സ്വീകരിക്കാൻ പറ്റാതെ പോകുന്നു.


 എസ്എസ്എൽസി പരീക്ഷാ ഫലം വന്നുകഴിഞ്ഞാൽ ആണ് നീന്തലിനുള്ള ഗ്രേസ്മാർക്ക് നെക്കുറിച്ച് വിദ്യാർഥികളും രക്ഷാകർത്താക്കളും ഒക്കെ ബോധവാന്മാരാക്കുന്നത്.  പരിശീലനത്തിനും  ട്രയൽസിനും ഒന്നിനും പിന്നെ സമയമില്ലാത്ത സാഹചര്യത്തിൽ നീന്തൽ അറിയാമെന്ന സാക്ഷ്യപത്രത്തിനായി അലയും ഈ ആവശ്യവുമായി വരുന്ന കുട്ടികൾക്കെല്ലാം ഒപ്പിട്ടു നൽകുകയല്ലാതെ പഞ്ചായത്ത് പ്രസിഡണ്ട് മാർക്കും മുൻസിപ്പൽ ചെയർമാൻമാർക്കും വേറെ നിവൃത്തി ഇല്ലാതെ വരുന്നു. ഗ്രേസ് മാർക്കിന്റെ കാര്യമായതോണ്ട് ആരെയും പിണക്കാനും വയ്യ. ചുരുക്കിപ്പറഞ്ഞാൽ കടലാസിൽ മാത്രം നീന്തുന്നവരാണ് നീന്തലിൽ സർട്ടിഫിക്കറ്റ് ഉള്ള ഭൂരിഭാഗം കുട്ടികളും. കറസ്പോണ്ടൻസ് കോഴ്സ് വഴിപോലും  നീന്തൽ പഠിക്കാത്തവരാണ് പലരും എന്നർത്ഥം.

നമ്മുടെ കുട്ടികൾ കടലാസിൽ നീന്താതെ  വെള്ളത്തിലിറങ്ങി  സർട്ടിഫിക്കറ്റ് വാങ്ങട്ടെ. നീന്തൽ പരിശീലനം വെള്ളത്തിൽ തന്നെ ആകട്ടെ.

 നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ്  കമ്മിറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല  . കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പദ്ധതി ആസൂത്രണത്തിന് യോഗം ചേർന്നു  കമ്മറ്റി  അംഗമായ എം മധു മാസ്റ്റർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. നഗരസഭാ ചെയർമാൻ പി ടി ബാബുവിന്റെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നു പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനു തീരുമാനമെടുത്തിട്ടുണ്ട്.
.

Post a Comment

Previous Post Next Post