ഓമശ്ശേരി:
പ്രായാധിക്യം കൊണ്ടും ഗുരുതര രോഗം കാരണവും ചലനശേഷി പരിമിതപ്പെട്ട അവശത അനുഭവിക്കുന്നവർക്ക്‌ അനിവാര്യമായ സേവനങ്ങളും സഹായങ്ങളും വീട്ടിലെത്തിക്കുന്ന വാതിൽപ്പടി സേവനത്തിന്‌ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.ഓമശ്ശേരി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സ്ഥാപന-സന്നദ്ധ പ്രതിനിധികളുടേയും സംയുക്ത യോഗത്തിൽ വാതിൽപ്പടി സേവനത്തിന്‌ കർമ്മ പദ്ധതി ആവിഷ്കരിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പദ്ധതിയുടെ പ്രഖ്യാപനം നിർവ്വഹിച്ചു.

യോഗം ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,എം.ഷീല,ഡി.ഉഷാദേവി,ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,പി.വി.സ്വാദിഖ്‌,ശരീഫ്‌ വെളിമണ്ണ,കെ.സി.അബ്ദുൽ റഹ്മാൻ,എം.കെ.മുബാറക്‌(ജനറൽ മാനേജർ-ശാന്തി ഹോസ്പിറ്റൽ,ഓമശ്ശേരി),എം.കെ.രജേന്ദ്രൻ(പാലിയേറ്റീവ്‌),യു.പി.ശറഫുദ്ദീൻ (അക്ഷയ),ടി.സൈനുദ്ദീൻ(പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി),പി.ഗോപാല കൃഷ്ണൻ(വി.ഇ.ഒ),എ.കെ.തങ്കമണി(സി.ഡി.എസ്‌.ചെയർ പേഴ്സൺ),വി.സതി(സ്പെഷ്യൽ അയൽക്കൂട്ടം) എന്നിവർ സംസാരിച്ചു.പഞ്ചായത്തംഗം പി.കെ.ഗംഗാധരൻ സ്വാഗതവും ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ വി.എം.രമാദേവി നന്ദിയും പറഞ്ഞു.പഞ്ചായത്ത്‌ തലത്തിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വി.എം.രമാദേവി കോ-ഓർഡിനേറ്ററും പി.വി.സ്വാദിഖ്‌ ജനറൽ കൺവീനറും യു.പി.ശറഫുദ്ദീൻ ജോയിന്റ്‌ കൺവീനറുമായി പതിനഞ്ചംഗ കമ്മിറ്റി രൂപവൽക്കരിച്ചു.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പിന്റേയും സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റിന്റേയും സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മസ്റ്ററിംഗ്‌,ലൈഫ്‌ സർട്ടിഫിക്കറ്റ്‌,സാമൂഹ്യ സുരക്ഷാ പെൻഷനുകൾ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായത്തിനുള്ള അപേക്ഷ,ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകൽ എന്നിവയാണ്‌ ഉൾപ്പെടുത്തിയത്‌.

പ്രളയം,കോവിഡ്‌ ഘട്ടങ്ങളിൽ രൂപീകരിച്ച സന്നദ്ധ സേനയുടേയും ജീവകാരുണ്യ മേഖലയിൽ സന്നദ്ധ പ്രവർത്തനത്തിന്‌ തൽപരരായവരേയും കൂട്ടി യോജിപ്പിച്ച്‌ ജനകീയ സംവിധാനത്തിലൂടെയാണ്‌ വാതിൽപ്പടി സേവന പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നത്‌.പഞ്ചായത്ത്‌ ഭരണ സമിതിയുടെ മേൽ നോട്ടത്തിൽ അക്ഷയ കേന്ദ്രങ്ങളിലെ പ്രവർത്തകർ,ജന മൈത്രി പോലീസ്‌,കുടുംബ ശ്രീ അയൽക്കൂട്ട ആരോഗ്യ വളണ്ടിയർമാർ,എ.ഡി.എസ്‌.വളണ്ടിയർമാർ,അങ്കണ വാടി-ആശാ പ്രവർത്തകർ,വായനശാല പ്രവർത്തകർ,പാലിയേറ്റീവ്‌ പ്രതിനിധികൾ,മുതിർന്ന പൗരന്മാരുടെ സംഘടനാ ഭാരവാഹികൾ തുടങ്ങി സംഘടനകളുടെയും സ്ഥാപനങ്ങളുടേയും പ്രതിനിധികളുടെ കൂട്ടായ്മയാണ്‌ ഈ ജനകീയ സേവനപ്രദാന സംവിധാനം നടപ്പിലാക്കുക.

കമ്പ്യൂട്ടർ നൈപുണ്യവും സേവന സന്നദ്ധതയുമുള്ള യുവതീ-യുവാക്കളെ കണ്ടെത്തി വാതിൽപ്പടി സേവനത്തിനുള്ള വോളണ്ടിയേഴ്സായി പരിഗണിക്കും.വോളണ്ടിയേഴ്സിനുള്ള വിപുലമായ പരിശീലനങ്ങൾ സാമൂഹിക സന്നദ്ധ സേന ഡയറക്ടറുടെ സഹായത്തോടെ ഉറപ്പ്‌ വരുത്തും.വ്യക്തി വിവരങ്ങളും സാമ്പത്തിക സഹായം സംബന്ധിച്ചുള്ള സേവനങ്ങളും സുരക്ഷയും ഉൾപ്പെട്ടിരിക്കുന്നതിനാൽ നിയോഗിക്കപ്പെടുന്ന വോളണ്ടിയേഴ്സ്‌ ഉത്തരവാദിത്തവും സത്യസന്ധതയും ഉള്ളവരാണെന്ന് ഉറപ്പിക്കുന്നതിന്‌ പോലീസ്‌ വെരിഫിക്കേഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങളും പൂർത്തീകരിക്കും.പ്രായാധിക്യം,ഗുരുതര രോഗം,അതിദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയും മറ്റു നിസ്സഹായാവസ്ഥകളും കാരണം സർക്കാർ സേവനങ്ങൾ യഥാ സമയം ലഭിക്കാതിരിക്കുന്നവർക്കും സേവനങ്ങൾ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിക്കുന്നതിനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌.പദ്ധതിക്കാവശ്യമായ അധിക ധന സമാഹരണവും ജീവൻ രക്ഷാ മരുന്നുകളും വ്യക്തികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ കണ്ടെത്തും.

Post a Comment

Previous Post Next Post