തിരുവമ്പാടി: പുന്നക്കൽ; മലയോര ഹൈവേയുടെ ഭാഗമായി റോഡ് ക്രമാതീതമായി ഉയർത്തുന്നത് തങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും കടയുടമകളും രംഗത്ത്. പുന്നക്കൽ വിളക്കാംതോട് അങ്ങാടിയിലാണ് വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കുന്നത്. വിളക്കാംതോട്-പുന്നക്കൽ റോഡിലെ 40-ഓളം വ്യാപാരസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് നിർമാണമെന്നാണ് പരാതി.


റോഡ് ഉയർത്തി ഓടനിർമിക്കുന്നത് താഴ്ന്നുകിടക്കുന്ന പ്രദേശം നിരപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പ്രളയം പോലുള്ള കെടുതികൾ കാര്യമായി ബാധിക്കാത്ത അങ്ങാടിയിൽ റോഡ് ഇത്രമാത്രം ഉയർത്തേണ്ടതില്ലെന്ന് വ്യാപാരികൾ പറയുന്നു. മൂന്നടിയിലധികം ഉയരത്തിലാണ് അഴുക്കുചാൽ നിർമിക്കുന്നത്. ഇതുമൂലം അങ്ങാടിയിലെ 30-ഓളം കടകൾ റോഡിന്റെ അടിയിലാകുന്ന അവസ്ഥയാണ്. കടകൾ മുക്കാൽഭാഗവും ഓടയുടെ അടിയിലാകുന്നതോടെ കടയിലേക്ക് കയറാൻസാധിക്കാത്ത സ്ഥിതിയാണ്.



പല കെട്ടിടങ്ങളുടെയും മുകൾനിലയിലേക്ക് കയറാനുളള കോണി ഉപയോഗിക്കാൻപറ്റാത്ത അവസ്ഥയുമുണ്ട്.

പ്രതിഫലമൊന്നും കൂടാതെയാണ് വ്യാപാരികൾ മലയോരഹൈവേയ്ക്കായി ഒരുമീറ്റർ സ്ഥലം വിട്ടുനൽകാനുള്ള അനുമതി നൽകിയത്. എന്നാൽ, മുൻധാരണയ്ക്ക് വിരുദ്ധമായ നിർമാണപ്രവൃത്തികളാണ് നടക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഉയർന്നുനിൽക്കുന്ന ഓടയോടുചേർന്ന് ഷട്ടർ വരുന്നതിനാൽ പല കടകളും ഉപയോഗശൂന്യമാകുമെന്ന് കടയുടമ കെ.സി. മാത്യു പറയുന്നു. 

റോഡ് ഉയർത്തിയതോടെ പ്രതിസന്ധിയിലായ വ്യാപാരികൾക്കും കടയുടമകൾക്കും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post