ഓമശ്ശേരി:വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയുടെ പരിശീലനം അമ്പലക്കണ്ടി എട്ടാം വാർഡിൽ കുടുംബ ശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വാർഡിലെ അയൽക്കൂട്ടങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ്‌ അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയിൽ വെച്ച്‌ പരിശീലനം നൽകിയത്‌.

ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്.ഇതിനായി ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും  കൃഷി ചെയ്യും.വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അഗ്രി നൂട്രിഗാര്‍ഡന്‍ പദ്ധതി നടപ്പിലാക്കുന്നത്‌.പദ്ധതിയുടെ കീഴിൽ വിവിധയിനം പച്ചക്കറി വിത്തുകൾ സൗജന്യമായും ജൈവ വളം സബ്സിഡി നിരക്കിലും ഗുണഭോക്താക്കൾക്ക്‌ നൽകും.

പരിശീലന പരിപാടി വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.സി.ഡി.എസ്‌.ചെയർ പേഴ്സൺ എ.കെ.തങ്കമണി അദ്ധ്യക്ഷത വഹിച്ചു.മുൻ വാർഡ്‌ മെമ്പർ ഫാത്വിമ വടിക്കിനിക്കണ്ടി സംസാരിച്ചു.കമല ചന്തുക്കുട്ടി ക്ലാസ്സെടുത്തു.എ.ഡി.എസ്‌.പ്രസിഡണ്ട്‌ സാവിത്രി പുത്തലത്ത്‌ സ്വാഗതവും ഹസീന ബഷീർ പാറമ്മൽ നന്ദിയും പറഞ്ഞു.വാർഡിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ രജിസ്ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കാൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post