ഓമശ്ശേരി: ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റുമായി സഹകരിച്ച് അമ്പലക്കണ്ടി എട്ടാം വാർഡിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കെ.ജി.തങ്ക ക്ലാസ്സെടുത്തു.ഇ.കെ.മുഹമ്മദ് പാറമ്മൽ,കെ.സ്വിദ്ദീഖ് സംസാരിച്ചു.സുഹറ ശമീർ ചേറ്റൂർ സ്വാഗതവും ഹസീന ബഷീർ പാറമ്മൽ നന്ദിയും പറഞ്ഞു.
എല്ലാ തരം ജൈവ മാലിന്യങ്ങളും ബാക്ടീരിയൽ ടെക്നോളജി ഉപയോഗിച്ച് നാൽപതു മുതൽ അമ്പത് വരെ ദിവസം കൊണ്ട് സംസ്കരിച്ച് ജൈവ വളമാക്കി മാറ്റുന്ന പദ്ധതിയാണിത്.മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതോടൊപ്പം ഗുണ മേന്മയുള്ള ജൈവ വളത്തിന്റെ ഉൽപാദനം കൂടി നടക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.അടുക്കള മാലിന്യത്തെ വളമാക്കി മാറ്റുന്നതിനു പുറമെ പക്ഷിക്കൂട്,പന്നി ഫാം,പട്ടിക്കൂട്,കോഴി ഫാം,മീൻ വളർത്തൽ കുളങ്ങൾ,മൽസ്യ-മാംസ മാർക്കറ്റുകൾ,പൊതു ശൗചാലയങ്ങൾ എന്നിവിടങ്ങളിലെ മാലിന്യവും ദുർഗന്ധവും രോഗാണു സാന്നിദ്ധ്യവും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.കൊതുകിന്റെ കൂത്താടികളെ നശിപ്പിച്ച് കൊതുക് നിവാരണം സാദ്ധ്യമാക്കാനും ജലാശയങ്ങളും ജല സംഭരണ കേന്ദ്രങ്ങളും ശുദ്ധീകരിക്കാനും മണ്ണിൽ ജീവാണു സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ബാക്ടീരിയൽ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്.
Post a Comment