തിരുവമ്പാടി : അധ്യാപക പരിശീലനത്തിൽ വേറിട്ട സാധ്യതകളിലൂടെ സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ മാതൃകയാകുകയാണ്. സംസ്ഥാനത്താദ്യമായി സ്കൂൾ കേന്ദ്രീകൃത പരിവർത്തനോൻമുഖ അധ്യാപക ശാക്തീകരണ പരിപാടിക്ക് വിദ്യാലയത്തിൽ തുടക്കമായി. 


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ മുഖ്യപ്രഭാഷണം നടത്തി. മാറുന്ന ക്ലാസ്സ് മുറിയും പുതിയ കാല അധ്യാപന സമീപനവും എന്ന വിഷയത്തിൽ ഡയറ്റ് റിട്ടയേർഡ് സീനിയർ ലക്ചറർ അബ്ദുറഹ്മാൻ പ്രഥമ ക്ലാസ്സ് നടത്തി.  ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , ദിലീപ് മാത്യൂസ്, ബീന റോസ്, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, അയൂബ് എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ല അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റിന്റെയും സഹകരണത്തോടെ സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ ഏറ്റെടുത്ത തനത് പ്രവർത്തനമാണ് സ്കൂൾ കേന്ദ്രീകൃത പരിവർത്തനോൻമുഖ അധ്യാപക ശാക്തീകരണ പരിപാടി. ഇരുപത് മണിക്കൂർ ദൈർഘ്യമുള്ള  പരിവർത്തന ശാക്തീകരണ പരിപാടി മാർച്ച് മാസത്തോടെ പൂർത്തിയാകും.

Post a Comment

Previous Post Next Post