തൃശൂർ ∙ റേഷൻകടകളിൽ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ പ്രയാസമുള്ളവരുടെ വീടുകളിലേക്കു ഭക്ഷ്യധാന്യങ്ങൾ ഓട്ടോയിലെത്തിച്ചു നൽകാൻ സർക്കാർ ആവിഷ്കരിച്ച ‘ഒപ്പം’ പദ്ധതിക്കു തുടക്കമായി. മന്ത്രിമാരായ ജി.ആർ. അനിലും കെ. രാജനും ചേർന്നു സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ മൊബൈൽ റേഷൻകട വഴി എത്തിക്കുന്ന സംവിധാനത്തിന്റെ അതേ മാതൃകയിലാണ് ഓട്ടോറിക്ഷകളിലൂടെ വീടുകളിൽ റേഷൻ എത്തിക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നത്. അതിദരിദ്രരെ കണ്ടെത്താൻ നടത്തിയ സർവേ വഴി അവശരായ ഗുണഭോക്താക്കളുടെ പട്ടിക പൊതുവിതരണ വകുപ്പ് തയാറാക്കിയിരുന്നു. പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്ന തൃശൂർ ജില്ലയിൽ ഇത്തരം 400 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
കടയിലെത്തി റേഷൻ വാങ്ങാൻ കഴിയാത്ത വിധം കിടപ്പുരോഗികൾ, അവശ നിലയിലുള്ളവർ, ഒറ്റയ്ക്കു കഴിയുന്ന വയോധികർ എന്നിവർ ഉൾപ്പെടെ പട്ടികയിലുണ്ട്.
ഇവരുടെ വീടുകളിലേക്കു സൗജന്യമായി റേഷൻ വിഹിതം എത്തിക്കാൻ സന്നദ്ധരായ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
ഇപോസ് മെഷീനിൽ മാന്വൽ ട്രാൻസാക്‌ഷൻ മുഖേനയാകും റേഷൻ ധാന്യവിതരണം. കാർഡുടമകളുടെ കൈപ്പറ്റ് രസീത് മാന്വൽ റജിസ്റ്ററിൽ രേഖപ്പെടുത്തി സാധനങ്ങൾ ഓട്ടോയിൽ കയറ്റിവിടും. അന്നു തന്നെ റേഷനിങ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഇടപാട് ഇപോസ് മെഷീനിൽ രേഖപ്പെടുത്തും.
ഓരോ മാസവും 10ാം തീയതിക്കകം റേഷൻ വീട്ടിലെത്തിക്കലാണു ലക്ഷ്യം. ഓരോ ജില്ലകളിലും ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൂട്ടായ്മ വൈകാതെ രൂപീകരിക്കും.
Post a Comment