വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിലെ ഏറുമാടത്തിന്റെ മുകളിൽ നിന്ന് കാഴ്ചകൾ ആസ്വദിക്കുന്ന വിദ്യാർഥികൾ
ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ മുറ്റത്ത് മഞ്ചാടി മരത്തിന്റെ മുകളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച ഏറുമാടത്തിൽ കയറാൻ ലഭിച്ച അവസരം വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി.
പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെല്ലാം ഏറുമാടത്തിന്റെ മുകളിലിരുന്ന് വിദ്യാലയ കാഴ്ചകൾ ആസ്വദിച്ചു.
കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച് ഈ വർഷം ദേശീയ അംഗീകാരങ്ങൾ വരെ നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിച്ചു.
പ്രകൃതിയിൽ നിന്നകലുന്ന കുട്ടികൾ എന്ന വിഷയത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ ശാസ്ത്ര പ്രൊജക്ട് അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിലും ഇടുക്കി കുട്ടിക്കാനത്തു നടന്ന കേരള ശാസ്ത്ര കോൺഗ്രസിലും അവതരിപ്പിച്ച വിദാർഥികളായ പി നഷയ്ക്കും ആരതി പ്രദീപിനും ടീച്ചർ ഗൈഡ് മിനിമാനുവലിനും ഇൻസ്പെയർ അവാർഡു നേടിയ അയിഷ റിയയ്ക്കും ദേശീയ അംഗീകാരങ്ങൾ ലഭിച്ചു.
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഐ എ എസ് വിദ്യാലയത്തിലെത്തി സ്കൂളിന് സമ്മാനിച്ചു.
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം ഹരിതാഭമാക്കുന്നതിനുമായി സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും കാരറ്റും കാബേജ് കോളിഫ്ലവർ ഉൾപ്പെടെയുള്ള വിവിധ യിനം പച്ചക്കറികളും വിളയിച്ച് നൂതന കൃഷി പാഠം കുട്ടികൾക്ക് ലഭ്യമാക്കുകയും സ്കൂൾ അങ്കണത്തിൽ നൂറോളം വ്യത്യസ്ത മുളങ്കൂട്ടങ്ങളും ഔഷധോദ്യാനവും ഏറുമാടവും മീൻ കുളവുമെല്ലാം പരിപാലിച്ചു പോരുന്നതിനാണ് ഹരിത കേരളം മിഷൻ വിദ്യാലയത്തിന് ഹരിത വിദ്യാലയ പുരസ്കാരം സമ്മാനിച്ചത്.
ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള പുരസ്കാരവും സ്കുളിന് ലഭിച്ചു.
കുടിയേറ്റത്തിന്റെ കൃഷി ആരംഭത്തിന്റെ ചരിത്രം കുട്ടികൾക്ക് പകർന്നു നൽകുന്നതിനാണ് വിദ്യാലയ മുറ്റത്ത് ഏറുമാടമൊരുക്കിയത്.
ഏറുമാടത്തിന്റെ ഉദ്ഘാടനം താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് നിർമാണത്തിന് നേതൃത്വം നൽകിയ ഗിരീഷ് ചായ്പ്പിലിനെ ആദരിച്ചു
ഏറുമാടത്തിന്റെ നിർമാണത്തിന് പൂർവ വിദ്യാർഥിയായ ഗിരീഷ് ചായ്പ്പിൽ അധ്യാപകനായ ബിജു മാത്യു പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എന്നിവർ നേതൃത്വം നൽകി
Post a Comment