കുന്ദമംഗലം ബി ആർ സിയുടെ ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം ബിപിസി പി എൻ അജയനിൽ നിന്നും വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു


ഓമശ്ശേരി:
കുന്ദമംഗലം ബി ആർ സി യുടെ ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ലഭിച്ചു. അക്കാദമിക രംഗത്തെ നൂതനമായ പരീക്ഷണങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾക്കായി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ അംഗീകാരമാണിത്. എൽ പി -യു പി വിഭാഗത്തിലാണ് സ്കൂൾ ഒന്നാം സ്ഥാനം നേടി അഭിനന്ദന പത്രവും അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും സ്വന്തമാക്കിയത്.
വിദ്യാലയത്തിന്റെ സർവതോന്മുഖമായ വളർച്ച ലക്ഷ്യം വെച്ചു കൊണ്ട് പിടി എ യുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ലിറ്റിൽ ഫ്ലവർ അക്കാദമിയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ഉന്നമനത്തിനായി നടന്ന വിവിധങ്ങളായ മികവ് പരിപാടികളാണ് വിദ്യാലയത്തെ അംഗീകാരത്തിലേക്കെത്തിച്ചത്.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് 3 ദേശീയ അംഗീകാരങ്ങൾ ഉൾപ്പെടെ നേടി പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വേനപ്പാറ യുപി സ്കൂളിന് ഈ അക്കാദമിക വർഷം ഒട്ടേറെ അംഗീകാരങ്ങൾ നേടാൻ സാധിച്ചു.
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ജില്ലാ കലക്ടർ സ്കൂളിലെത്തി വിദ്യാലയത്തിന് സമർപ്പിച്ചിരുന്നു.
ഏറ്റവും മികച്ച പച്ചക്കറി തോട്ടമൊരുക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരവും സ്കൂളിന് ലഭിച്ചു.
സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനുള്ള നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും അവയ്ക്കാവശ്യമായ സാമ്പത്തികവും അക്കാദമികവുമായ പിന്തുണ നൽകുന്നതിനും ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നൊവേറ്റീവ് സ്കൂൾ.
നൂതനമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാലയങ്ങൾക്ക് ബ്ലോക്ക് ജില്ലാ സംസ്ഥാനതലങ്ങളിൽ അംഗീകാരങ്ങൾ നൽകുന്നതിനുള്ള സംവിധാനമാണ് ഈ പദ്ധതിയിലൂടെ ആവിഷ്കരിച്ചിട്ടുള്ളത്.
കുന്ദമംഗലം ബി ആർ സി യിൽ നടന്ന ചടങ്ങിൽ വെച്ച് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി എൻ അജയനിൽ നിന്ന് പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും അധ്യാപകരായ ബിജു മാത്യു, സി കെ ബിജില, ബിനിത ജേക്കബ്ബ് , എബി തോമസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ബി ആർ സി ട്രെയിനർ പി കെ മനോജ് കുമാർ പങ്കെടുത്തു.

Post a Comment

أحدث أقدم