ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിന് (ഓൺസൈഡ്)തുടക്കമായി.ഓമശ്ശേരിയിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ജഴ്സി പ്രകാശനം ചെയ്തു.പഞ്ചായത്തംഗം പി.ഇബ്രാഹീം ഹാജി,കോച്ച് സി.എ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.പി.എ.ഹുസൈൻ മാസ്റ്റർ സ്വാഗതവും ഷംസീർ കാക്കാട്ട് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15നും 20 നും ഇടയിൽ പ്രായമുള്ള 140 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 പേരാണ് ഓമശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്.പരിശീലനാർത്ഥികൾക്ക് ലഘുഭക്ഷണമുൾപ്പെടെ നൽകുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ അണ്ടർ ട്വന്റി ഫുട്ബോൾ ടീം രൂപം നൽകുകയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യം.
ഫോട്ടോ:ഓമശ്ശേരിയിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment