ജിദ്ദ: ഏറെ വികാരനിർഭരമായിരുന്നു സെബല്ലയുടെയും മരീറ്റയുടെയും വരവ്. പ്രിയപ്പെട്ടവൻ സുഡാനിലെ രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിന്റെ സങ്കടവും ഞെട്ടലും മാറാതെയാണ് ഇരുവരും എത്തിയത്. സഹായിക്കാനും ആശ്വസിപ്പിക്കാനും ചുറ്റിലും പലരുമുണ്ടായിട്ടും ഇവരുടെ വേദനയെ മായ്ച്ചുകളയാൻ ആർക്കുമായില്ല. സ്വീകരിക്കാൻ എത്തിയവരുടെ മുന്നിൽ അവർ നിയന്ത്രണംവിട്ടു കരഞ്ഞു.

സുഡാനിൽ കലാപം രൂക്ഷമായതിന്റെ ആദ്യനാളിൽ തന്നെ സെബല്ലയുടെ ഭർത്താവ് കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. വീടിനുള്ളിൽനിന്ന് പുറത്തേക്ക് നോക്കി ഫോൺ ചെയ്തുകൊണ്ടിരിക്കെയാണ് ആൽബർട്ടിന് വെടിയേറ്റത്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ ആൽബർട്ട് അഗസ്റ്റി(48)ൻ വിമുക്തഭടൻ കൂടിയാിരുന്നു. ആൽബർട്ടിന് വെടിയേൽക്കുമ്പോള് സെബല്ലയും മകൾ മരീറ്റയും തൊട്ടടുത്തുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് സെബല്ലയും മരീറ്റയും അവധിക്കാലം ചെലവിടാനായി സുഡാനിലേക്ക് പോയത്. അവധിക്ക് ശേഷം മൂവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ആൽബർട്ട് സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു

ബുധനാഴ്ച രാത്രിയാണ് എയർഫോഴ്‌സിന്റെ വിമാനത്തിൽ സെബെല്ലയും മകളും ജിദ്ദയിലെത്തിയത്. ഇവരെ വിമാനതാവളത്തിൽ മന്ത്രി വി.മുരളീധരൻ സ്വീകരിച്ചു. ഇവരെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയച്ചു. കുടുംബത്തിന് ആവശ്യമായ മുഴുവൻ സഹായവും നൽകുമെന്നും വി. മുരളീധരൻ വ്യക്തമാക്കി. ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഖാർത്തൂമിലെ ആശുപത്രിയിലാണുള്ളത്.
അഗസ്റ്റിനാണ് കൊല്ലപ്പെട്ട ആൽബർട്ടിന്റെ പിതാവ്. മാതാവ്: മേഴ്സി. മകൻ ഓസ്റ്റിൻ കാനഡയിലാണ്. സ്റ്റാർലി, ശർമി എന്നി രണ്ട് സഹോദരിമാരാണ് ആൽബർട്ടിനുള്ളത്.

Post a Comment

أحدث أقدم