കോഴിക്കോട്:
കോഴിക്കോട് കനത്ത മഴയിൽ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 26 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിൽ കപ്പക്കൽ ബീച്ചിനടുത്ത് മണ്ണാടത്തുപറമ്പ, പണ്ടാരത്തുവളപ്പു കെ. പി ഹൗസിൽ താമസിക്കുന്ന കുടുംബത്തിലെ 8 പേരെയും തൊട്ടടുത്തുള്ള കപ്പക്കൽ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. 

ജില്ലയിൽ വിവിധ വില്ലേജുകളിലായി 18 വീടുകൾ ഭാഗികമായി തകർന്നു. പെരുമണ്ണ, ഫറോക്ക്, നഗരം, മാവൂർ വില്ലേജുകളിൽ 2 വീതവും എലത്തൂർ, കുന്നമംഗലം, കക്കോടി, മാവൂർ, ചെലവൂർ, വേങ്ങേരി, ഒളവണ്ണ, കാക്കൂർ, ചേളന്നൂർ കരുവൻതിരുത്തി വില്ലേജുകളിൽ ഓരോ വീട് വീതവുമാണ് തകർന്നത്.

കായണ്ണ വില്ലേജ് കരികണ്ടൻപാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാലേരി വിലേജിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴയിൽ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, അത്തോളി, നടുവണ്ണൂർ, കൂരാച്ചുണ്ട്, ചെറുവണ്ണൂർ, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളിൽ ഓരോ വീടുകൾക്ക് ഭാ​ഗികമായി നാശ നഷ്ടം സംഭവിച്ചു. 

ദേശീയപാതയിൽ അയനിക്കാട് കുറ്റിയിൽപീടി, ഇരിങ്ങൽ പോസ്റ്റ് ഓഫീസ്, മൂരാട് എന്നീ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. ഇതേ തുടർന്ന്  ദേശീയപാതയിൽ അനുഭവപ്പെടുന്ന ​ഗതാഗത തടസം പരിപരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.

വടകര താലൂക്കിൽ കനത്ത മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 

കടൽക്ഷോഭത്തെ തുടർന്ന് വടകര തീരദേശത്തെ വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്നും ഏഴ് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീരദേശ റോഡുകൾ പലതും തകർന്നു . 
കടലാക്രമണവും രൂക്ഷമാണ്. 

നാദാപുരത്ത് രണ്ട് കുടുംബങ്ങളെയും  കായക്കൊടിയിൽ ഒരു   കുടുംബത്തെയും ബന്ധുവീട്ടിലേക്ക്  മാറ്റി പാർപ്പിച്ചു. വിലങ്ങാട്  വില്ലേജിലും ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.  ജെയിംസ് കരിമ്പന മലയിൽ എന്നവരുടെ വീടിന്റെ പിറക് വശത്തെ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയായതിനെ തുടർന്നാണ് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചത്. 
ചെക്യാട് ഒരു വീട് ഭാഗികമായി തകർന്നു. 

എടച്ചേരിയിൽ  ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള  തിരച്ചിൽ
ഇന്ന് രാവിലെ ആരംഭിച്ചു.

ജില്ലയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 

1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ :   0495 -2224088 
വടകര താലൂക്ക്   കണ്‍ട്രോള്‍ റൂം നമ്പര്‍ :   0496-2520361 
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100.

Post a Comment

Previous Post Next Post