പൊന്നാനി: അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂനസ് കോയയെ പൊന്നാനി പോലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു.
ഭാര്യയെ കൊലചെയ്യുകയെന്ന ഉറച്ച തീരുമാനത്തിലാണ് ഇയാൾ ഗൾഫിൽ നിന്നും വന്നതെന്നും കൃത്യമായ ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നും തിരൂർ ഡിവൈ.എസ്.പി കെ.എം ബിജു പറഞ്ഞു
ജൂൺ 20നാണ് പൊന്നാനി സ്വദേശി അലുങ്ങൽ സുലൈഖയെ ഭർത്താവ് യൂനസ്‌കോയ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുന്നത്.
സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ അഞ്ചു ദിവസത്തിന് ശേഷം പോലീസ് ഹൈദരാബാദിൽ നിന്നും പിടികൂടുകയായിരുന്നു. കൊലചെയ്തശേഷം കനോലികനാൽ കടന്ന് പടിഞ്ഞാറേക്കരവഴി തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ട്രെയിൻ കയറുകയും അവിടെ നിന്നുമാണ് ഹൈദരാബാദിലേക്ക് പോയതെന്ന് തിരൂർ ഡിവൈഎസ്പി കെഎം ബിജു പറഞ്ഞു.
ഗൾഫിലേക്ക് പോയ യൂനസ് കൊലചെയ്യണമെന്നുറപ്പിച്ച് 19ന് തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു.
ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കും ബസ് മാർഗം പൊന്നാനിയിലേക്കുമെത്തി. തുടർന്നാണ് കൊലപാതകം നടത്തിയത്.
കൊലപാതകം നടന്ന ഉടനെ തന്നെ എല്ലാ സ്റ്റേഷനിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും വിവരം നൽകുകയായിരുന്നു.
പ്രതി ജോലി ചെയ്തതും മദ്രസ പഠനവും പൂർത്തിയാക്കിയതും ഹൈദരാബാദിൽ നിന്നാണ്.
ഈ പരിചയമായാണ് ഹൈദരാബാദിൽ ഒളിവിൽ കഴിയാൻ പ്രേരിപ്പിച്ചത്.
ട്രെയിൻ യാത്രക്കിടെ സെക്കന്ദരാബാദിൽ നിന്നും മറ്റൊരു യാത്രക്കാരന്റെ മൊബൈൽ ഫോണിൽനിന്നും പ്രതി കുടുംബക്കാരെ വിളിച്ചതാണ് പ്രതിയെ പിടികൂടുന്നതിൽ വഴിത്തിരിവായത്. തുടർന്ന് ഹൈദരാബാദ് പോലീസിൽ വിവരമറിയിക്കുകയും റെയിൽവെ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു.
Post a Comment