ഗസ്സ: അഭയാർഥി ക്യാമ്പിനേയും വിടാതെ ഇസ്രായേൽ ആക്രമണം. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.
ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് അഭയാർഥി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രായേൽ ഭാഷ്യം.
എന്നാൽ, ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഇങ്ങനെയൊരു വ്യോമാക്രമണം ഇസ്രായേൽ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ബോംബാക്രമണങ്ങൾക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ഗസ്സയിലെ ലക്ഷങ്ങൾക്ക് ഒരിറ്റ് ആശ്വാസവുമായി 20 ട്രക്കുകൾ ശനിയാഴ്ച റഫ അതിർത്തി കടന്നു. ഒരാഴ്ചയോളം നീണ്ട ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കുമൊടുവിൽ ഈജിപ്ത് അതിർത്തി തുറന്നതോടെയാണ് ട്രക്കുകൾക്ക് ഗസ്സ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇന്ധന ടാങ്കറുകൾക്ക് അനുമതിനൽകില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിനാൽ ഗസ്സയിൽ വൈദ്യുതിക്ഷാമം തുടരും.
മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്ക് ഇത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കും. വെള്ളിയാഴ്ച രാത്രിയും തുടർന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗസ്സയിൽ 345 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം മരണം 4385 ആയി. 1756 പേർ കുട്ടികളും 967 പേർ സ്ത്രീകളുമാണ്. 13,561 പേർക്ക് പരിക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 200ഓളം പേരെ വിട്ടയക്കുന്നതുവരെ ട്രക്കുകൾ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇസ്രായേൽ നിലപാട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അടക്കമുള്ളവർ അതിർത്തിയിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് റഫ വഴി ഭാഗികമായെങ്കിലും ചരക്കുനീക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചതും നടപടികൾ വേഗത്തിലാക്കി.
Post a Comment